മഴക്കുറവ്‌ 45 ശതമാനം ; കാലവർഷം 20 മുതൽ പിൻവാങ്ങും

മഴക്കുറവ്‌ 45 ശതമാനം ; കാലവർഷം 20 മുതൽ പിൻവാങ്ങും

കേരളത്തിൽ കാലവർഷം 20 മുതൽ ദുർബലമാകും. സംസ്ഥാനത്ത്‌ മഴക്കുറവ്‌ 45 ശതമാനമായി. തുലാവർഷം ഒക്‌ടോബർ രണ്ടാം വാരം എത്തുമെങ്കിലും കാലവർഷത്തിലെ മഴക്കുറവ്‌ നികത്താൻ പര്യാപ്‌തമാകില്ലെന്ന്‌ വിദഗ്‌ധർ അഭിപ്രായപ്പെട്ടു.

ആഗോള മഴപ്പാത്തി എന്ന് അറിയപ്പെടുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ (എംജെഒ) മൂന്നാമത്തെ ഘട്ടം എത്തിയതും ബംഗാൾ ഉൾക്കടലും പസഫിക് സമുദ്രവും സജീവമായതുമാണ് കേരളത്തിൽ മഴ തുടരാൻ കാരണം. ഈ മാസം അവസാന ആഴ്ച വരെ മഴ തുടരാനാണ് സാധ്യത. സെപ്‌തംബറിൽ കേരളത്തിൽ ശരാശരി മഴയേക്കാൾ കൂടുതൽ ലഭിക്കുമെങ്കിലും കുറവ് നികത്താനാകില്ല. ജൂൺ ഒന്നുമുതൽ സെപ്‌തംബർ ഏഴ്‌വരെ കേരളത്തിൽ ലഭിക്കേണ്ടിയിരുന്നത്‌ 1818.5 മില്ലി മീറ്റർ മഴയാണ്‌. എന്നാൽ 1007.3 എംഎം മഴയാണ്‌ കിട്ടിയത്‌. ഏറ്റവും കുറഞ്ഞ മഴ ഇടുക്കിയിലാണ്‌–59 ശതമാനം. വയനാട്‌ –58, കോഴിക്കോട്‌, പാലക്കാട്‌ 52, തൃശൂർ 50 ശതമാനം എന്നിങ്ങനെയാണ്‌ മഴക്കുറവ്‌. പത്തനംതിട്ടയിലാണ്‌ അൽപ്പം ഭേദപ്പെട്ട മഴ ലഭിച്ചത്‌. 22 ശതമാനം മഴക്കുറവ്‌.

ഇപ്പോൾ ശക്തമായിരിക്കുന്ന കാലവർഷം ഇരുപതോടെ വിടവാങ്ങാൻ തുടങ്ങുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ വിഭാഗമായ മെറ്റ്‌ബീറ്റ്‌ വെതർ ഗവേഷകർ പറയുന്നു. ഈ മാസം അവസാനം വരെ കേരളത്തിൽ മഴ പ്രതീക്ഷിക്കാം. ഒക്ടോബർ രണ്ടാം വാരത്തോടെ തുലാവർഷം എത്തുമെന്നാണ്‌ കണക്കുകൂട്ടുന്നത്‌. എൽനിനോ പ്രതിഭാസം നിലനിൽക്കുന്നതിനാൽ ഇത്തവണ തുലാവർഷം കുറഞ്ഞേക്കും. എന്നാൽ സാധാരണപോലെ ലഭിക്കുമെന്ന്‌ മെറ്റ്‌ബീറ്റ്‌ വെതർ റിപ്പോർട്ട്‌ ചെയ്യുന്നു.