വീണ്ടും കൂപ്പുകുത്തി രൂപ; മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ. 10 പൈസ കൂടി ഇടിഞ്ഞ് 83.14 രൂപയാണ് ഡോളറുമായുള്ള വിനിമയ നിരക്ക്. ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യമാണ്. ഡോളറിന്റെ മുന്നേറ്റത്തിനൊപ്പം ക്രൂഡ് ഓയിൽ വിലയിലും കുതിപ്പുണ്ടായതോടെയാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്.
ആറു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് യുഎസ് ഡോളർ കുതിച്ചത് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും രൂപയെ പ്രതികൂലമായി ബാധിച്ചെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഡോളറുമായുള്ള വിനിമയത്തിൽ ഏറ്റവും ദുർബലമായ കറൻസികളിലൊന്നാണ് രൂപ.
ഇന്ന് വ്യാപാരം ആരംഭിച്ചതുതന്നെ 83.08 രൂപ നിലവാരത്തിലായിരുന്നു. തുടർന്ന് 83.02 രൂപ വരെ താഴ്ന്നെങ്കിലും ഒരു ഘട്ടത്തിൽ ഇത് 83.18 ആയി ഉയർന്നു. ഒടുവിൽ 83.14ലാണ് അവസാനിച്ചത്. ഈ വർഷം ഓഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 83.13 രൂപയാണ് ഇതിനു മുൻപത്തെ ഏറ്റവും കുറഞ്ഞ മൂല്യം. ചൊവ്വാഴ്ച 33 പൈസ ഇടിഞ്ഞ് 83.04 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.