ഗാർഹിക പീഡന പരാതി; ബ്രസീൽ ഫുട്ബോൾ ടീമിൽ നിന്ന് ആന്റണി പുറത്ത്
മുൻ കാമുകിയുടെ ഗാർഹിക പീഡന പരാതിയെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ ആന്റണിയെ ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിൽ നിന്ന് ഒഴിവാക്കി. അടുത്ത രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്നാണ് ആന്റണിയെ ഒഴിവാക്കിയത്.
ആന്റണി മർദ്ദിച്ചു എന്ന് കാട്ടി മുൻ കാമുകി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്റണിയെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കിയത്.
ബൊളീവിയ,പെറു ടീമുകൾക്കെതിരായ മത്സരങ്ങളിൽ നിന്നാണ് ആന്റണിയെ മാറ്റി നിർത്തിയത്. പരാതിയിൽ സാവോപോളോ പോലീസ് അന്വേഷണം നടത്തുകയാണ്.
അതേസമയം ആരോപണം ആന്റണി നിഷേധിച്ചിട്ടുണ്ട്. ആന്റണിക്ക് പകരം ആഴ്സണൽ താരം ഗബ്രിയേൽ ജീസസിനെ ടീമിൽ ഉൾപ്പെടുത്തി.