യൂട്യൂബ് ഷോര്‍ട്‌സിന് ഉപഭോക്താക്കളേറി; ആശങ്കയില്‍ യൂട്യൂബ് ജീവനക്കാർ
2020 ൽ ഇന്ത്യയിൽ ടിക് ടോക്ക് നിരോധിക്കപ്പെട്ടതിന് ശേഷം 2021 ലാണ് ആഗോള തലത്തിൽ യൂട്യൂബ് ‘ഷോർട്സ്’ എന്നപേരിൽ ടിക് ടോക്കിന് സമാനമായ ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ടിക് ടോക്കിന്റെ എതിരാളികളായി വന്ന സേവനങ്ങളിൽ ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയെടുത്തവയിൽ ഒന്നാണ് യൂട്യൂബ് ഷോർട്സ്. എന്നാലിപ്പോൾ ഷോർട്സ് വീഡിയോകൾക്ക് യൂട്യൂബിൽ ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുന്നത് യൂട്യൂബിലെ ജീവനക്കാർക്കിടയിൽ പുതിയ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.
ദൈർഘ്യം കുറഞ്ഞ വീഡിയോകളോടുള്ള ഉപഭോക്താക്കളുടെ താൽപര്യം യൂട്യൂബിലെ പ്രധാന വാണിജ്യമേഖലയായ ദൈർഘ്യമേറിയ വീഡിയോകളുടെ സ്വീകാര്യതയെ ബാധിക്കുമോ എന്നാണ് ആശങ്ക. കമ്പനിയുടെ ഭൂരിഭാഗം പരസ്യ വരുമാനം വരുന്നത് ദൈർഘ്യമേറിയ വീഡിയോകളിൽ നിന്നാണ്.
ഷോർട്സ് ഉള്ളടക്കങ്ങളിലും അത് കാണുന്നവരുടെ എണ്ണത്തിലും സമീപകാലത്തായി വർധനവുണ്ടായിട്ടുണ്ട്. ഇതോടൊപ്പം കണ്ടന്റ് ക്രിയേറ്റർമാർ കൂടുതലായി ഷോർട്ട് വീഡിയോകൾ നിർമിക്കുന്നതും വർധിച്ചിട്ടുണ്ട്. ഇത് ദൈർഘ്യമേറിയ വീഡിയോകൾ ആസ്വദിക്കുന്ന പരമ്പരാഗത ഉപഭോക്താക്കളെ ഇല്ലാതാക്കുമോ എന്ന് കമ്പനി ആശങ്കപ്പെടുന്നു. കമ്പനിയുടെ സ്ട്രാറ്റജി മീറ്റിങിൽ ഈ വിഷയം ചർച്ചയായിട്ടുണ്ടെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പരസ്യങ്ങളിലൂടെയാണ് യൂട്യൂബ് വരുമാനം നേടുന്നത്. ദൈർഘ്യമില്ലാത്ത വീഡിയോകളിൽ പരസ്യങ്ങൾ നൽകുന്നതിന് പരിമിതിയുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ദൈർഘ്യമേറിയ വീഡിയോകളിൽ നിന്നുള്ള പരസ്യ വരുമാനത്തേക്കാൾ കുറഞ്ഞ വരുമാനമേ ഷോർട്സിൽ നിന്ന് യൂട്യൂബിന് ലഭിക്കൂ. കഴിഞ്ഞ വർഷം പരസ്യവരുമാനത്തിൽ ഇടിവുണ്ടായതായി കമ്പനി രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നിരുന്നാലും ഷോർട്സിന്റെ ജനപ്രീതി അവഗണിക്കാൻ യൂട്യൂബിന് സാധിക്കില്ല. ഷോർട്സിൽ നിന്ന് കൂടുതൽ വരുമാനം കണ്ടെത്താനുള്ള വഴികൾ കമ്പനി അന്വേഷിക്കുകയാണ്.