കരിപ്പൂരിൽ ദമ്പതികളിൽ നിന്നും കസ്റ്റംസ് 2 കിലോയില്‍പ്പരം സ്വർണമിശ്രിതം പിടികൂടി.
ഇന്നലെ രാത്രി ദുബായിൽനിന്നും സ്പൈസ്ജെറ്റ് എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ജില്ലക്കാരായ ദമ്പതികളിൽനിന്നും ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 1.15 കോടി രൂപ വില മതിക്കുന്ന 2148 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി .
കൊടുവള്ളി എളേറ്റിൽ സ്വദേശികളായ ദമ്പതികളായ പുളിക്കിപൊയിൽ ഷറഫുദ്ദീന് (44) ഷമീന (37)എന്നിവരില്‍ നിന്നുമാണ് സ്വർണ്ണമിശ്രിതം പിടികൂടിയത്.
ഷറഫുദ്ദീനില്‍ നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 950 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്സൂള്‍ സ്വർണ്ണമിശ്രിതവും ഷമീനയില്‍ നിന്നും അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്നും 1198 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ ഈ ദമ്പതികളുടെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്.
ഈ ദമ്പതികൾ തങ്ങളുടെ കുട്ടികളോടോത്ത് ദുബായിൽ സന്ദർശനം നടത്തി തിരിച്ചു വരുമ്പോഴാണ് ഈ കള്ളക്കടത്തിന് ശ്രമിച്ചത്. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്തുവാനാണ് ഈ ദമ്പതികൾ ശ്രമിച്ചത്.
കള്ളക്കടത്തുസംഘം രണ്ടുപേർക്കും 80000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.
ഷമീനയെ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ സ്വർണ്ണമിശ്രിതം അടങ്ങിയ പാക്കറ്റ് ലഭിച്ചതിനാൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഷറഫുദ്ദീൻ താനും സ്വർണം ഒളിപ്പിച്ചു വച്ചു കൊണ്ടുവന്നിട്ടുണ്ടെന്നു ഉദ്യോഗസ്ഥരോട് സമ്മതിച്ചത്.