അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം; റെയിൽവേ മൊബൈൽ ആപ്പിൽ ഇനി ജനറൽ ടിക്കറ്റ്
എവിടെനിന്നും എവിടേക്കും ജനറൽ ടിക്കറ്റുകൾ എടുക്കാൻ സംവിധാനമൊരുക്കി യുടിഎസ് (അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം). നേരത്തേയുള്ള 20 കിലോമീറ്റർ പരിധി നീക്കിയാണ് ആപ്പ് പരിഷ്കരിച്ചത്. എക്സ്പ്രസ്, സൂപ്പർഫാസ്റ്റ്, പാസഞ്ചർ ട്രെയിനുകളിലെ ജനറൽ ടിക്കറ്റുകൾ ഇങ്ങനെ എടുക്കാം. പരമാവധി 200 കിലോമീറ്റർ വരെയുള്ള സ്റ്റേഷനുകളിലേക്ക് ടിക്കറ്റുകൾ ഇങ്ങനെ എടുക്കാം. ടിക്കറ്റ് എടുത്ത് മൂന്നുമണിക്കൂറിനകം യാത്ര ചെയ്തിരിക്കണം. ഒരുസമയം ആറ് ടിക്കറ്റ് വരെ എടുക്കാന്‍ സാധിക്കും.
പ്ലാറ്റ്ഫോം ടിക്കറ്റും എടുക്കാമെങ്കിലും സ്റ്റേഷന് 500 മീറ്റർ മുമ്പ് എങ്കിലും എടുത്തിരിക്കണം. സ്റ്റേഷനിൽ എത്തിയാണ് പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കുന്നതെങ്കിൽ ടിക്കറ്റ് കൗണ്ടറിന് സമീപവും സ്റ്റേഷന്റെ പ്രവേശന കവാടത്തിലും പതിച്ച ക്യു ആർ കോഡ് സ്കാൻ ചെയ്ത് എടുക്കാം. സീസൺ ടിക്കറ്റും എടുക്കാം.
ടിക്കറ്റുകൾ മറ്റൊരാൾക്ക് എടുത്ത് നൽകാനോ അയച്ച് കൊടുക്കാനോ സാധിക്കില്ല. ടിക്കറ്റ് എടുക്കുന്ന ഫോൺ യാത്രയിൽ ഉടനീളം കൈയിൽ കരുതേണ്ടി വരും. ഈ ഫോണിലെ ഐഎംഇഐ നമ്പരും സ്വിമ്മുമായി ബന്ധിപ്പിച്ചാണ് ടിക്കറ്റുകൾ അനുവദിക്കുന്നത്. ഫോൺ മാറുമ്പോൾ ഐഎംഇഐ മാറ്റാൻ ഓപ്ഷനുണ്ട്. ആർ വാലെറ്റ് റീചാർജ് ചെയ്ത് ഉപയോഗിക്കുമ്പോൾ ടിക്കറ്റ് നിരക്കിൽ മൂന്നുശതമാനം ഇളവും നൽകും.