ബോർഡ് പരീക്ഷകൾ ഇനി വർഷത്തിൽ രണ്ട് തവണ

ബോർഡ് പരീക്ഷകൾ ഇനി വർഷത്തിൽ രണ്ട് തവണ

 

വാർഷിക ബോർഡ് പരീക്ഷകളില്‍ ഉള്‍പ്പെടെ കാര്യമായ മാറ്റങ്ങള്‍ വരുത്തി ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി. ബോർഡ് പരീക്ഷകൾ വർഷത്തിൽ ഇനി രണ്ട് തവണയാണ് നടത്തുക.

പരീക്ഷകളില്‍ ലഭിക്കുന്ന ഉയർന്ന സ്കോർ ആയിരിക്കും പരിഗണിക്കപ്പെടുക. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിൽ രണ്ട് ഭാഷകള്‍ പഠിക്കുന്നുവെന്ന് ഉറപ്പാക്കും. അതിൽ ഒന്ന് ഇന്ത്യൻ ഭാഷയായിരിക്കണം. ഈ സമീപനം ഭാഷാപരമായ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരത്തെ അടുത്തറിയാനും സഹായിക്കും.

2024-ലെ അക്കാദമിക വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. മാസങ്ങളോളം നീണ്ടുനിൽക്കുന്ന പരിശ്രമങ്ങള്‍ കൊണ്ട് മനഃപാഠമാക്കുകയും കാണാപാഠം പഠിക്കുകയും ചെയ്യുന്നതിന് പകരം വിദ്യാർത്ഥികളുടെ ധാരണയും കഴിവും വിലയിരുത്തുന്നതിനാണ് പുതിയ ചട്ടക്കൂട്ട് ലക്ഷ്യമിടുന്നത്.

ഇത് വിലയിരുത്തുന്നതിനാകും പൊതു പരീക്ഷകള്‍ നടത്തുന്നത് വിദ്യാർത്ഥി കേന്ദ്രീകൃതമായ ഈ സമീപനം വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള ധാരണയുണ്ടാക്കുന്നതിനൊപ്പം പ്രായോഗിക വൈദഗ്ധ്യവും കൂടുതലായി നേടാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.