60ന് മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് 1000 രൂപ
60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് ആയിരം രൂപ വീതം നൽകാൻ സർക്കാർ തീരുമാനം. സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗത്തിൽപെട്ട 55781 പേർക്ക് ഓണക്കാലത്ത് തുക ലഭിക്കും.
കോട്ടയം ജില്ലയിലെ ഉപഭോക്താക്കൾക്ക് നിലവിൽ തുക ലഭിക്കില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് നിലവിൽ തുക ലഭിക്കാത്തത്. മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് കോട്ടയം ജില്ലയിൽ ഉള്ളവർക്ക് തുക അനുവദിക്കും. ഇതിനായി 5,57,81,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.