കൊച്ചി മെട്രോ ഫേസ് 2; മൂന്ന് സ്റ്റേഷനുകൾക്കുള്ള ടെൻഡർ ക്ഷണിച്ചു
കൊച്ചി മെട്രോ ഫേസ് 2 വിലുള്ള മൂന്ന് സ്റ്റേഷൻ നിർമാണത്തിനുള്ള ടെൻഡർ ക്ഷണിച്ചു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനൊപ്പം തന്നെ കാക്കനാട് സ്പെഷ്യൽ എക്കണോമിക് സോണിന് സമീപം വരുന്ന മെട്രോ സ്‌റ്റേഷന്റെ എൻട്രി, എക്സിറ്റ് നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ഇവയുടെ പൈലിംഗ് വർക്കുകൾ ഉൾപ്പെടെയാണ് ആരംഭിച്ചത്.
രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മൂന്ന് മെട്രോ സ്റ്റേഷനുകളുടെ നിർമ്മാണത്തിനായുള്ള ടെൻഡർ കൂടിയാണ് ഇപ്പോൾ ക്ഷണിച്ചത്. കിൻഫ്ര പാർക്ക് , ഇൻഫോപാർക്ക് , ചിറ്റേത്തുകര എന്നീ സ്റ്റേഷനുകളുടെ നിർമ്മാണത്തിനായുള്ള ടെൻഡറുകളാണ് ക്ഷണിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെയും ഇ-ടെൻഡർ കേരളയുടെയും വെബ്സൈറ്റുകൾ വഴി ടെൻഡറിൽ പങ്കെടുക്കാം. സെപ്റ്റംബർ പകുതിയോടുകൂടി കരാർ കമ്പനിയെ തെരഞ്ഞെടുത്ത് നിർമ്മാണം ഏൽപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പ്രോജക്ടസ് വിഭാഗം ഡയറക്ടർ ഡോ. എം പി രാംനവാസ് അറിയിച്ചു.
രണ്ടാം ഘട്ടതിന്റെ പ്രരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം മുതൽ കുന്നുംപുറം വരെയുള്ള സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായിക്കഴിഞ്ഞു. ജെ എൽ എൻ മുതൽ പാലാരിവട്ടം വരെ 90 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. അടുത്ത മാസം അവസാനത്തോടെ ഈ മേഖലയിൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കെ എം ആർ എൽ പ്രതീക്ഷിക്കുന്നത്.