ടെക്സ്റ്റയില്‍ മില്ലുകള്‍ക്ക് 10.50 കോടി അനുവദിച്ചു

ടെക്സ്റ്റയില്‍ മില്ലുകള്‍ക്ക് 10.50 കോടി അനുവദിച്ചു

 

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ക്ക് പ്രവര്‍ത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചു. ഇതോടെ അടച്ചിട്ടിരുന്ന 5 ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റെ മില്ലുകളായ ആലപ്പുഴ ജില്ലയിലെ പ്രഭുറാം മില്‍സ്, കോട്ടയം ജില്ലയിലെ കോട്ടയം ടെക്‌സ്‌റ്റൈല്‍സ്, മലപ്പുറം ജില്ലയിലെ എടരിക്കോട് ടെക്സ്റ്റയില്‍സ് എന്നിവയും തൃശൂര്‍ ജില്ലയിലെ സീതാറാം ടെക്സ്റ്റയില്‍സ് സഹകരണ മേഖലയില്‍ ടെക്‌സ്‌ഫെഡിന് കീഴിലുള്ള തൃശൂര്‍ കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലുമാണ് വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നത്.

മില്‍ തൊഴിലാളികളുടെ തൊഴിലും വേതനവും സംരക്ഷിക്കുവാനാണ് മില്ലുകള്‍ക്ക് ആദ്യഘട്ട പ്രവര്‍ത്തനമൂലധനമായി 10.50 കോടി രൂപ അനുവദിച്ചത്. ഓണത്തിന് മുമ്പ് മില്ലുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് പി.രാജീവ് പറഞ്ഞു. താരതമ്യേന നവീകരണം നടന്നിട്ടില്ലാത്ത മില്ലുകള്‍ മാസ്റ്റര്‍ പ്ലാന്‍ വഴി ഘട്ടം ഘട്ടമായി നവീകരിക്കും. വിപണിയിലെ പ്രതിസന്ധികള്‍ നേരിടുന്നതിന് മില്ലുകളെ സ്വയംപര്യാപ്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തുമ്പോഴും സംസ്ഥാന ടെക്‌സ്‌റ്റൈല്‍ മേഖലയെ കേരള സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യവും നൂലുല്‍പ്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും അനിയന്ത്രിതമായ ഇറക്കുമതിയും മൂലം വിപണിയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മില്ലുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്.

അസംസ്‌കൃത വസ്തുവിന്റെ വിലവര്‍ധനവും ഉയര്‍ന്ന വൈദ്യുതിനിരക്കും ഉല്‍പ്പാദനച്ചിലവ് കൂട്ടി. വിപണി മാന്ദ്യം മൂലം ഉല്‍പ്പന്നത്തിന് മികച്ച വില ലഭിക്കാത്തതും ഉല്‍പ്പാദനച്ചെലവിനു ആനുപാതികമായി വിലവര്‍ധിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വിപണിനഷ്ടവും മില്ലുകളുടെ ധനസ്ഥിതി മോശമാക്കി.

ഇതിനെ തുടര്‍ന്നാണ് പ്രഭുറാം മില്‍സ്, എടരിക്കോട് ടെക്സ്റ്റയില്‍സ്, കോട്ടയം ടെക്സ്റ്റയില്‍സ്, സീതാറാം ടെക്സ്റ്റയില്‍സ്, തൃശൂര്‍ കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് എന്നീ സ്പിന്നിങ് മില്ലുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. സര്‍ക്കാര്‍ സഹായം ലഭിച്ചതിനാല്‍ ഉടന്‍ തന്നെ മില്ലുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.