ഗണപതി പരാമർശം: നാളെ വിശ്വാസസംരക്ഷണദിനമായി ആചരിക്കുമെന്ന് എൻ എസ് എസ്
ഗണപതി പരാമർശത്തിൽ ബന്ധപ്പെട്ടവരുടെ നിലപാടിൽ പ്രതിക്ഷേധിച്ച് നാളെ വിശ്വാസസംരക്ഷണദിനമായി ആചരിക്കണമെന്ന് എൻ എസ് എസ് ജന സെക്രട്ടറി ജി.സുകുമാരൻ നായർ കരയോഗ ഭാരവാഹികളോട് ആവശ്യപ്പെട്ടു.
ആരാധനാ മൂർത്തിയായ ഗണപതിയെ സംബന്ധിച്ച് സ്പീക്കർ നടത്തിയ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം അതിന്മേൽ ഗവണ്മെന്റുഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും എൻ എസ് എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനെ നിസ്സാരവല്ക്കരിച്ചുകൊണ്ടുള്ള നിലപാടാണ് ബന്ധപ്പെട്ടവരിൽ നിന്നുമുണ്ടായത്. ഇതിൽ പ്രതിക്ഷേധിച്ചാണ് നാളെ വിശ്വാസസംരക്ഷണദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്.
എൻ.എസ്.എസ്. പ്രവർത്തകരും വിശ്വാസികളുമായിട്ടുള്ളവർ രാവിലെതന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തുകയും വിശ്വാസസംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യും. ഇതിന്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകുവാൻ പാടില്ലെന്നും ജനറൽ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.