സപ്ലൈകോയുടെ ഓണം വിപണി പ്രതിസന്ധിയിൽ
കുടിശിക നൽകാതെ സാധനങ്ങൾ നൽകാനാവില്ലെന്ന് വിതരണക്കാർ : കിട്ടാനുള്ളത് 3000 കോടി
സപ്ലൈകോയുടെ ഓണം വിപണി വൻ പ്രതിസന്ധിയില്‍. 3000 കോടിയാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. കുടിശിക നല്‍കാതെ സാധനങ്ങള്‍ നല്‍കാനാവില്ലെന്ന് വിതരണക്കാര്‍ സപ്ലൈകോയെ അറിയിച്ചു. മാര്‍ച്ച് മുതല്‍ സാധനങ്ങള്‍ ലഭിക്കുന്നില്ല. ജൂലൈയില്‍ നടക്കേണ്ട ഓണക്കാല സംഭരണം നടന്നില്ല. ഓണക്കാല ഫെയറുകളും പ്രതിസന്ധയിലാണ്.
എന്നാൽ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ , സപ്ലൈകോ വഴിയുള്ള ഓണക്കിറ്റ് എല്ലാവര്ക്കും ഉണ്ടാകില്ല എന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ജില്ലയിലെ സാധാരണക്കാര്‍ ആശങ്കയിലാണ്. പൊതുവിപണിയേക്കാള്‍ 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളെയാണ് സാധാരണ ജനം ആശ്രയിക്കുന്നത്. ജില്ലയിലെ ഒരു സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മാത്രം പതിനായിരത്തോളം ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. വറ്റല്‍ മുളകും കടലയുമൊന്നും സ്റ്റോക്കില്ലെന്ന് സപ്ലൈകോ ജീവനക്കാരും പറയുന്നു.
പൊതുവിപണിയില്‍ വില വര്‍ധനവുള്ള ഉത്പന്നങ്ങള്‍ ഒന്നും തന്നെ സപ്ലൈകോ വഴിയും ലഭിക്കാത്ത സ്ഥിതിയാണ്. പയര്‍ വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, വറ്റല്‍മുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി ഇതൊന്നും സപ്ലൈകോയില്‍ കിട്ടാനില്ല. പൊതുവിപണിയില്‍ വില വര്‍ധനവുള്ള സാധനങ്ങള്‍ സപ്ലൈകോ വഴി വില കുറച്ചു നല്കുമ്പോള് വിപണിയില്‍ വില നിയന്ത്രണം സാധ്യമാകും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇതിന് ശ്രമിക്കാതെ വന്‍കിട കച്ചവടക്കാരെ സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ സ്വീകരിക്കുന്നതെന്നാണ് ആരോപണം. സപ്ലൈകോയിലൂടെ സാധനങ്ങള്‍ ലഭ്യമല്ലാതായി വരുമ്പോള്‍ പൊതുവിപണിയെ ആശ്രയിക്കാന്‍ ജനം നിര്‍ബന്ധിതരാകും.