കർഷകർക്കൊപ്പം രാപകൽ‌ അധ്വാനം; സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി ജോസഫ് മെറിൻ ജെഫ്രി

 

സംസ്ഥാനത്തെ മികച്ച കൃഷി ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് മെറിൻ ജെഫി രാത്രിയും പകലും കർഷകർക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന കൃഷി ഓഫീസർ. ആറര വർഷം കല്ലറ കൃഷി ഭവനിൽ ജോലി ചെയ്ത ജോസഫ് മെറിൻ ജെഫ്രി ഇപ്പോൾ തണ്ണീർമുക്കം കൃഷിഭവനിലാണ് ജോലി ചെയ്യുന്നത്. അപ്പർ കുട്ടനാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന കല്ലറയിലെ കൃഷി ഭവനിൽ ആറര വർഷം ജോലി ചെയ്തിരുന്നു. രണ്ട് മാസം മുൻപാണ് സ്ഥലം മാറ്റം കിട്ടി തണ്ണീര്‍മുക്കത്തേയ്ക്ക് പോയത്. സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ കൃഷി ഓഫിസറായി 2012ൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

വർഷങ്ങളായി തരിശു കിടന്നിരുന്ന 1300 ഏക്കർ പാടം കൃഷിയോഗ്യമാക്കി കൃഷിയിറക്കാൻ കഴിഞ്ഞതാണ് ജോസഫ് ജെഫിയുടെ പ്രധാനനേട്ടം. കൂടാതെ 600 ഏക്കറിൽ ശാസ്ത്രീയ കൃഷിയും നടത്തുന്നു. നാളികേരവികസനത്തിനായി നഴ്സറി ആരംഭിച്ചു. ജൈവ കൃഷി രീതിയും ജൈവകാർഷികമുറകളും കല്ലറയിലെ കൃഷിക്കാർക്ക്പരിചയപ്പെടുത്തിയതും പ്രചാരത്തിലാക്കിയതും ജോസഫ് ജെഫ്രിയാണ്. രാസവളവും രാസ കീടനാശിനികളും പരമാവധി ഒഴിവാക്കാനായി മിത്രകീടങ്ങളെ സൃഷ്ടിച്ച് കൃഷി സംരക്ഷിക്കുന്ന രീതിയും വ്യാപകമായി നടപ്പാക്കി.

യന്ത്ര സഹായത്തോടെയുള്ള കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുകയും പരിശീലനം നൽകുകയും ചെയ്യുന്നു. 25 വർഷമായി കൃഷി വകുപ്പിൽ സേവനം ചെയ്യുന്നു. കാലവർഷക്കാലത്ത് ബണ്ട് തകർച്ചയും പാടത്തു വെള്ളം കയറി നാശനഷ്ടവും സ്ഥിരമായി ഉണ്ടാകുമ്പോൾ കർഷകർക്ക് ആത്മ വിശ്വാസം പകർന്ന് പാടത്ത് രാത്രിയും പകലും സഹായവുമായി നിൽക്കുന്ന കൃഷി ഓഫിസറായിരുന്നു ജോസഫ് മെറിൻ ജെഫ്രിയെന്ന് കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ പറഞ്ഞു.