ഫെബ്രു 20 വരെ വരണ്ട കാലാവസ്ഥ, ചൂട് കൂടും……… 04/02/2025 Channel -91 Weather Desk

കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരുകയും പകൽ ചൂട് കൂടുകയും ചെയ്യും. അടുത്ത കുറച്ചു ദിവസങ്ങളിൽ കേരളത്തിൽ മഴ സാധ്യത ഇല്ല. ചൂട് കൂടുന്നതിനാൽ ആരോഗ്യ ജാഗ്രത പാലിക്കണം. ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കണം. ഈ മാസം 20 വരെ വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു.
കേരളത്തിൽ മഴ നൽകാൻ അനുകൂലമായ അന്തരീക്ഷ സ്ഥിതി നിലവിലില്ല. പാലക്കാട്, തൃശൂർ, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് ഇന്ന് കൂടുതൽ പകൽ ചൂട് അനുഭവപ്പെടുക. ജില്ലകളിൽ ഏറ്റവും കുറഞ്ഞ ശരാശരി താപനില രേഖപ്പെടുത്തുക വയനാട്ടിലാണ്. കോഴിക്കോടിൻ്റെ ചില ഭാഗങ്ങളിലും മറ്റു ജില്ലകളെ അപേക്ഷിച്ച് താപനിലയിൽ ആശ്വാസമുണ്ടാകും. കർണാടകയിൽ നിന്നുള്ള കാലാവസ്ഥയുടെ സ്വാധീനം മൂലമാണ് ഇത്.
കരയോടൊപ്പം കടൽ താപനിലയും വർധിക്കുന്നുണ്ട്. പകൽ ചൂട് കേരളത്തിൽ മിക്കയിടങ്ങളിലും സാധാരണയിൽ നിന്നും രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ കൂടുതൽ അനുഭവപ്പെടും. തുലാവർഷക്കാറ്റ് വിടവാങ്ങിയതോടെ മറ്റു അന്തരീക്ഷ സിസ്റ്റങ്ങൾ കേരളത്തിലും ദക്ഷിണേന്ത്യയിലും മഴ നൽകാൻ പര്യാപ്തമായി നിലവിലില്ല. അതിനാലാണ് വരണ്ട കാലാവസ്ഥ തുടരുന്നത്.