ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 4 റൺസ് ജയവുമായി 5 മത്സര പരമ്പരയിൽ വിൻഡീസ് 1-0 ന് മുന്നിലെത്തി.
19 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ജയ്സൻ ഹോൾഡറാണ് പ്ലെയർ ഓഫ് ദ് മാച്ച്.
സ്കോർ; വെസ്റ്റിൻഡീസ് 6ന് 149. ഇന്ത്യ 9ന് 145. 3 വിക്കറ്റ് കയ്യിലിരിക്കെ റൊമാരിയോ ഷെപ്പേഡ് എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 10 റൺസ് മതിയായിരുന്നു. എന്നാൽ വാലറ്റത്തിന് 5 റൺസ് മാത്രമാണ് നേടാനായത്.
ക്യാപ്റ്റൻ റോവ്മാൻ പവൽ (32 പന്തിൽ 48), നിക്കോളാസ് പുരാൻ (34 പന്തിൽ 41) എന്നിവരുടെ ഇന്നിങ്സുകളാണ് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസിനെ ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ സഹായിച്ചത്. ഇന്ത്യയ്ക്കു വേണ്ടി അർഷ്ദീപ് സിങ്ങും ചെഹലും 2 വിക്കറ്റ് വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ഇഷൻ കിഷനെയും (6) ശുഭ്മൻ ഗില്ലിനെയും (3) തുടക്കത്തിലേ നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി. അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ യുവതാരം തിലക് വർമ (22 പന്തിൽ 39) മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.
സൂര്യകുമാർ യാദവ് (21), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (19) എന്നിവര്‍ക്കും പിടിച്ച് നില്ക്കാനായില്ല. സഞ്ജു സാംസൺ (12) റണ്ണൗട്ട് ആയതും തിരിച്ചടിയായി.