ഇക്കുറിയും വിദ്യാർഥികളെ ആദരിക്കാൻ വിജയ്; സംഘാടകരായി തമിഴക വെട്രി കഴകം
തമിഴ്നാട്ടിലും പുതുച്ചേരിയിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ നടൻ വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകം അനുമോദിക്കും. ജൂൺ 28, ജൂലൈ മൂന്ന് എന്നീ തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് അനുമോദന ചടങ്ങ്. ചെന്നൈയിൽ നടക്കുന്ന പരിപാടിയിൽ വിജയ് പങ്കെടുക്കും.
കഴിഞ്ഞ വർഷമാണ് വിജയ് വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ആരംഭിച്ചത്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പത്താം ക്ലാസിലും പ്ലസ് ടുവിലും ഉയർന്ന മാർക്ക് നേടിയ മൂന്ന് വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകിയിരുന്നു.
അരിയല്ലൂർ, കോയമ്പത്തൂർ, ധർമപുരി, ദിണ്ടിഗൽ, ഈറോഡ്, കന്യാകുമാരി, കരൂർ, കൃഷ്ണഗിരി, മധുര, നാമക്കൽ, നീലഗിരി, പുതുക്കോട്ട, രാമനാഥപുരം, സേലം, ശിവഗംഗ, തെങ്കാശി, തേനി, തൂത്തുക്കുടി, തിരുനെൽവേലി, തിരുപ്പൂർ, വിരുദുനഗർ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളെയാണ് ആദ്യ ഘട്ടമായ ചടങ്ങിൽ അനുമോദിക്കുന്നത്.