പ്രധാന നദികളിലെ ജലനിരപ്പ് അസാധാരണമാംവിധം താഴേക്ക്; അൾട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു
ഓഗസ്റ്റിൽ ഇതുവരെ കാര്യമായ മഴ പെയ്യാതിരിക്കുകയും ചിങ്ങച്ചൂട് അസാധാരണമായി ഉയരുകയും ചെയ്തതോടെ പ്രധാന നദികളിലെ ജലനിരപ്പ് ആശങ്കാജനകമാംവിധം താഴുന്നതായി കേന്ദ്ര ജലകമ്മിഷൻ. പമ്പാനദിയിലെ മാലക്കര സ്റ്റേഷനിൽ കരയോടു ചേർന്നു നിൽക്കുന്ന ജലമാപിനിയിൽ ഈ സീസണിൽ ഇതാദ്യമായി ജലനിരപ്പ് കഴിഞ്ഞദിവസം പൂജ്യത്തിനും താഴേക്കു പോയി. സ്കെയിലിൽ രേഖപ്പെടുത്തിയ ജലനിരപ്പ് മൈനസ് –0.08 സെന്റീമീറ്റർ. സ്ഥിതി തുടർന്നാൽ പല ജലവിതരണ പദ്ധതികളുടെയും ടാങ്കിലേക്കുള്ള വെള്ളത്തിന്റെ വലിച്ചെടുക്കൽ കുറയാൻ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. നദിയുടെ അടിത്തട്ടും ജലനിരപ്പും ക്രമാതീതമായി താഴുന്നത് കടൽ നിരപ്പിൽ നിന്നുള്ള ഉപ്പുവെള്ളത്തിന്റെ കടന്നുവരവിനു പ്രേരകമാവും. നദിയുമായി ബന്ധപ്പട്ട മറ്റു പ്രവർത്തനങ്ങൾക്കും വെള്ളക്കുറവ് തടസ്സം സൃഷ്ടിക്കും.
പമ്പയിലെ ജലനിരപ്പ് താഴുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും ജലകമ്മിഷൻ വിശദീകരിച്ചു. സംസ്ഥാനത്തെ വിവിധ നദികളിൽ കമ്മിഷൻ നിരീക്ഷണം നടത്തുന്ന 38 സ്റ്റേഷനുകളിൽ മാലക്കരയിൽ മാത്രമാണ് ജലനിരപ്പ് മൈനസ് രേഖപ്പെടുത്തിയത്. ഇത് അസാധാരണ സാഹചര്യമാണ്.
മണിമലയാറ്റിലെ കല്ലൂപ്പാറ മാപിനിയിൽ 1.88 മീറ്ററും അച്ചൻകോവിലാറ്റിലെ തുമ്പമൺ മാപിനിയിൽ 6 മീറ്ററും ജലമുള്ളതിനാൽ ഇവിടെ തൽക്കാലം പ്രതിസന്ധിയില്ല. സംസ്ഥാനത്തെ മഴക്കുറവ് 47 ശതമാനവും കടന്ന് 50 നോട് അടുക്കുന്ന സ്ഥിതിയാണ്. സംസ്ഥാനത്തെ താപനിലയും പതിവിലും നാല് ഡിഗ്രി വരെ കൂടുതലാണ്. പത്തനംതിട്ട, കോട്ടയം, കൊല്ലം ഉൾപ്പെടെ പല ജില്ലകളിലും പകൽ താപനില വേനൽക്കാലത്തിനു സമാനമായ 35– 36 ഡിഗ്രിയാണ്.
തമിഴ്നാട്ടിലെ തിരുനൽവേലിയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. വർധിച്ച ചൂട് സ്രോതസ്സുകളിലെ വെള്ളം വളരെവേഗം ബാഷ്പീകരിക്കാൻ കാരണമാകുന്നു. സൂര്യരശ്മിയിലെ അൾട്രാ വയലറ്റ് വികിരണ തോത് 13 യൂണിറ്റിനോട് അടുത്താണ്. പത്ത് യൂണിറ്റ് കടന്നാൽ കുട ഉപയോഗിക്കുകയോ ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കുകയോ വേണമെന്നാണ് നിർദേശം. ദക്ഷിണായനത്തിന്റെ ഭാഗമായി സൂര്യൻ ഇപ്പോൾ തെക്കൻ ദിശയിൽ സഞ്ചരിക്കുന്നതിനാൽ ഏതാണ്ട് കേരളത്തിന് മീതേ ലംബമായി പതിക്കുന്ന സമയമാണ്. അങ്ങിങ്ങ് നേരിയ മഴയ്ക്കു മാത്രമാണ് തൽക്കാലം സാധ്യത.