യുകെയുടെ മലയാറ്റൂർ വീണ്ടും തിരുന്നാൾ ലഹരിയിലേക്ക്: ജൂൺ 24 ന് കൊടിയേറും
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്ററിൽ മാർ തോമാസ്ലീഹായുടെയും,വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾക്ക് ജൂൺ 24 ന് തുടക്കമാകും.ഒരാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾ ജൂലൈ രണ്ട് ഞായറാഴ്ചയാണ് സമാപിക്കും.യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു. പരമ്പരാഗതമായ രീതിയിൽ ആണ് മാഞ്ചസ്റ്റർ തിരുന്നാൾ നടന്നുവരുന്നത്.
കൊടിയേറ്റിനോട് അനുബന്ധിച്ച് ഫോറം സെൻറ്ററിൽ ലൈവ് ഓർക്കസ്ട്രയും,കോമഡിയും ഒത്തുചേരുന്ന സൂപ്പർ മെഗാഷോ നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സി എസ് എം വോയ്സ് ആണ് ഇക്കുറി വിസ്മയ വിരുന്നൊരുക്കുക.പ്രധാന തിരുന്നാൾ ദിനമായ ജൂലൈ ഒന്ന് ശനിയാഴ്ച നടക്കുന്ന സിറോ മലബാർ സഭയുടെ ആഘോഷപൂർവ്വമായ കുർബാന ക്രമമായ പരിശുദ്ധ റാസ വിശ്വാസ സമൂഹത്തിന് ആത്മീയ ഉണർവാകും.തുടർന്ന് മുത്തുക്കുടകളുടെയും,വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം കൺകുളിർക്കെ കാണുവാൻ നാടിൻറെ നാനാ ഭാഗത്തുനിന്നും ആയിരങ്ങൾ എത്തിച്ചേരുക പതിവാണ്. തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കലിൻറെ നേതൃത്വത്തിൽ നൂറു പേര് അടങ്ങുന്ന തിരുന്നാൾ കമ്മറ്റി നിലവിൽ വന്നു. കൊടിയേറ്റ് മുതൽ ദിവസവും വൈകുന്നേരം ആറിന് വിഥിൻഷോ സെൻറ് ആൻറണീസ് ദേവാലയത്തിൽ ദിവ്യബലിയും നൊവേനയും നടക്കും.
24 ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മാഞ്ചസ്റ്റർ റീജിയണൽ ഡയറക്റ്റർ ഫാ.ജോൺ പുളിന്താനത്ത് കൊടിയേറ്റുന്നതോടെ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.തുടർന്ന് വൈകുന്നേരം നാലിന് വിഥിൻഷോ ഫോറം സെൻറ്ററിൽ സൂപ്പർ മെഗാ ഷോയ്ക്ക് തുട ക്കമാകും. സി എസ് എം ഇ ജി ബി കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന സി എസ് എം വോയ്സിനൊപ്പം പ്രശസ്ത ഗായകരും,കലാകാരൻമാരും അണിനിരക്കുന്നതോടെ സംഗീതവും,കോമഡിയും ഒത്തുചേരുന്ന മികച്ച വിരുന്നാവും ഏവരെയും കാത്തിരിക്കുന്നത്.
25 ഞായറാഴ്ച നാലിന് നടക്കുന്ന ദിവ്യബലിയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ഫിനാൻസ് ഓഫിസർ ഫാ.ജോ മൂലച്ചേരി മുഖ്യ കാർമ്മികനാകും.ദിവ്യബലിയെ തുടർന്ന് ഉൽപ്പന്ന ലേലം നടക്കും.
26 തിങ്കളാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിൽ ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ ഒ എഫ് എം മുഖ്യ കാർമ്മികനാകുമ്പോൾ 27 ന് വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിൽ മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്ടർ ഫാ.വിൻസെൻറ് ചിറ്റിലപ്പള്ളി കാർമ്മികനാകും,
28 ന് ഷെഫീൽഡ് മിഷൻ ഡയറക്ടർ ഫാ.ജോം കിഴക്കരക്കാട്ട് കാർമ്മികനാകുമ്പോൾ 29 ന് ലിതർലാൻഡ് വികാരി ഫാ.ആൻഡ്രൂസ് ചെതലനും, മുപ്പതിന് സെൻറ് ആൻറണീസ് പള്ളി അസിസ്റ്റൻറ് വികാരി ഫാ.സ്റ്റീഫൻ എന്നിവരും കാർമ്മികരാകും.
പ്രധാന തിരുന്നാൾ ദിനമായ ജൂലായ് ഒന്ന് ശനിയാഴ്ച രാവിലെ 10 ന് യുകെയുടെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന വൈദീകരെ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് സെൻറ് ആൻറണീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ പരിശുദ്ധ റാസക്ക് തുടക്കമാകും.ഫാ.ജോബിൻ പെരുമ്പളത്തുശേരി മുഖ്യ കാർമ്മികനാകുമ്പോൾ
.ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ.ജിനോ അരീക്കാട്ട് തിരുന്നാൾ സന്ദേശം നൽകും.തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ജൂലൈ രണ്ട് ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് ഫാ.ജോസ് അഞ്ചാനിക്കൽ കൊടിയിറക്കുന്നതോടെ തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.
തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ,ട്രസ്റ്റിമാരായ ബിജു ജോസഫ്,റോസ്ബിൻ സെബാസ്റ്റ്യൻ ,ട്വിങ്കിൽ ഈപ്പൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധകമ്മറ്റികൾ പ്രവർത്തനമാരംഭിച്ചു.