കുട്ടികളിലെ ടൈപ്പ് വൺ പ്രമേഹം കുത്തനെ കൂടി
കുട്ടികളെ ബാധിക്കുന്ന ടൈപ്പ് വൺ പ്രമേഹത്തിന്റെ നിരക്ക് കോവിഡിനു ശേഷം അതിവേഗം കുതിക്കുകയാണെന്ന് പഠന റിപ്പോർട്ടുകൾ. പൊതുവേ ഓട്ടോ ഇമ്യൂണിറ്റി ഉള്ളവർക്കാണ് ടൈപ്പ് വൺ പ്രമേഹം വരുന്നത്. കൂടാതെ ചില വൈറസുകളും പാൻക്രിയാസിലെ ബീറ്റ കോശങ്ങളെ നശിപ്പിക്കാം. കൊറോണ വൈറസിന് ബീറ്റ കോശങ്ങളെ നശിപ്പിക്കാനുള്ള ശേഷി കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.ജുവനൈൽ ഡയബറ്റിക് റിസർച് ഫൗണ്ടേഷന്റെ (ജെഡിആർഎഫ്) രാജ്യാന്തരതലത്തിൽ നടത്തിയ പഠനത്തിൽ ഇന്ത്യയിൽ 9 ലക്ഷം കുട്ടികൾക്കു പ്രമേഹം ഉണ്ടെന്നു കണ്ടെത്തി. പക്ഷേ, കേരളത്തിൽ ഇപ്പോഴും 6000 കുട്ടികൾക്കു പ്രമേഹം ഉണ്ടെന്നേ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ.
മികച്ച പരിശോധനയും നിരീക്ഷണവും ഉണ്ടെങ്കിൽ മാത്രമേ കുട്ടികളെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഡോ.ജ്യോതിദേവ് കേശവദേവ് പറഞ്ഞു. ദിവസം 4 തവണ ഇൻസുലിൻ കുത്തിവയ്ക്കണം. രക്തത്തിലെ ഗ്ലൂക്കോസ് നില നിരന്തരം പരിശോധിക്കണം. ഇതിനെല്ലാം വലിയ തുക ചെലവാകുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 90% ടൈപ്പ് വൺ പ്രമേഹബാധിതരുടെ കുടുംബങ്ങളും താഴ്ന്ന സാമ്പത്തിക നിലയിലുള്ളവരാണ്. ഒരു കുട്ടിക്കു മരുന്നും മറ്റു സൗകര്യങ്ങളും ഒരുക്കാൻ മാസം 10000 രൂപ മുതൽ 20000 രൂപവരെ ചെലവാകും. ടൈപ്പ് വൺ പ്രമേഹബാധിതർക്കു സൗജന്യ ചികിത്സ ഉറപ്പാക്കാൻ സർക്കാർ ആരംഭിച്ച മിഠായി പദ്ധതി ഉറുമ്പരിക്കുന്ന അവസ്ഥയിലാണ്. 2200 കുട്ടികൾ റജിസ്റ്റർ ചെയ്തു. 1600 പേരെയാണു പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ശേഷിക്കുന്ന 800 പേരുടെ കാര്യത്തിൽ ഒരു വർഷത്തോളമായി തീരുമാനം ആയിട്ടില്ല. പട്ടികയിൽ ഉള്ളവർക്ക് ഇൻസുലിൻ ലഭിച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഒരു ഇൻസുലിൻ കാട്രിജിന് 900 രൂപയാണു ചെലവ്. സ്ട്രിപ്പിന് 800 രൂപ വരെ കൊടുക്കണം. ഇൻസുലിൻ പമ്പ് സെൻസർ വിതരണവും നിലച്ചു.