ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ ദ്വിദിന സമ്മേളനം ‘ട്രിമ 2023’
തിരുവനന്തപുരം: രാജ്യത്തെ മാനേജ്മെന്‍റ് വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഒത്തുചേരുന്ന തിരുവനന്തപുരത്തിന്‍റെ സുസ്ഥിര വളര്‍ച്ച ലക്ഷ്യമാക്കിയുള്ള വികസന ചര്‍ച്ചകള്‍ക്ക് ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ (ടിഎംഎ) ദ്വിദിന സമ്മേളനമായ ‘ട്രിമ 2023’ വേദിയാകും. ‘ട്രിവാന്‍ഡ്രം 5.0- പ്രോസ്പെരിറ്റി ബിയോണ്ട് പ്രോഫിറ്റ്’ എന്ന പ്രമേയത്തില്‍ മെയ് 18 ന് സമ്മേളനം ഹോട്ടല്‍ ഒ ബൈ താമരയില്‍ ആരംഭിക്കുന്ന സമ്മേളനം ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
വളര്‍ച്ചയുടെയും വിജയത്തിന്‍റെയും ഏക ചാലകം ലാഭമാണെന്ന പരമ്പരാഗത സങ്കല്‍പ്പത്തിനപ്പുറത്തേക്ക് ചിന്തിക്കാന്‍ ടിഎംഎ ഉച്ചകോടിയില്‍ ഊന്നല്‍ നല്കുമെന്ന് ട്രിമ കമ്മിറ്റി ചെയര്‍മാനും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാജേഷ് ഝാ പറഞ്ഞു. കേവലം സാമ്പത്തിക ലാഭത്തിന് അപ്പുറം സാമൂഹിക, പാരിസ്ഥിതിക, ധാര്‍മ്മിക തലങ്ങള്‍ ഉള്‍ക്കൊണ്ടുള്ള സമഗ്ര വികസന സമീപനത്തെക്കുറിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.