താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങൾ

താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങൾ

താമരശ്ശേരി ചുരത്തില്‍ അവധി ദിനങ്ങളില്‍ ഗതാഗത നിയന്ത്രണം, ഉത്തരവുമായി ജില്ലാകലക്ടർ

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം കൊണ്ടുവന്ന് കോഴിക്കോട് ജില്ലാ കലക്‌ടർ സ്നേഹിൽ കുമാർ സിങ്. സഞ്ചാരികൾ ഏറെയെത്തുന്ന അവധി ദിനങ്ങളിൽ വൈകിട്ട് മൂന്ന് മുതൽ രാത്രി ഒൻപത് വരെ ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ചുരത്തിൽ നിയന്ത്രണമേർപ്പെടുത്തി.

ചുരത്തിൽ ഗതാഗതക്കുരുക്ക് അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിലാണ് കലക്‌ടറുടെ നടപടി. ശനി, ഞായർ, പൊതു അവധി ദിനങ്ങൾ, രണ്ടാം ശനിയോട് ചേർന്ന് വരുന്ന വെള്ളിയാഴ്‌ചകൾ എന്നീ ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം കൊണ്ടുവരും. ഈ ദിവസങ്ങളിൽ ആറ് ചക്രങ്ങളിലധികമുള്ള ടിപ്പറുകൾ, 10 ചക്രങ്ങളിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾ, മൾട്ടി ആക്‌സിൽ വാഹനങ്ങൾ, ട്രക്കുകൾ എന്നിവ പൂർണമായും നിയന്ത്രിക്കും. തിങ്കളാഴ്ച രാവിലെ ആറ് മുതൽ ഒൻപത് വരെയും ഈ നിരോധനം പ്രാബല്യത്തിലുണ്ടാകും.

ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ചാണ് കലക്ടർ ഉത്തരവിട്ടത്. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ നിയന്ത്രണം തുടരും. ചുരത്തിലുണ്ടാകുന്ന അപകടങ്ങൾ, വാഹന തകരാറുകൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ അതിവേഗത്തിൽ സേവനം ലഭ്യമാക്കുന്നതിനായി ഒരു എമർജൻസി സംവിധാനം ഏർപ്പെടുത്താൻ കലക്‌ടർ താമരശ്ശേരി പോലീസിന് നിർദേശം നൽകി.