സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍; ടോള്‍ ബൂത്തുകള്‍ ഒഴിവാകും, ജിപിഎസ് നിയന്ത്രിതമാകും,
രാജ്യത്ത് പുതിയ ടോൾ പിരിവ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ കേന്ദ്രം പദ്ധതിയിടുന്നു. ഇതോടെ റോഡുകളിൽ ഫാസ്ടാഗുകളും ടോൾ പ്ലാസകളും ഉടൻ തന്നെ അപ്രത്യക്ഷമായേക്കും എന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്ന പഴയ രീതിക്ക് പകരമായി ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. നിലവിൽ, രാജ്യത്തുടനീളമുള്ള ഹൈവേകളിൽ സ്ഥാപിച്ചിട്ടുള്ള ഫിസിക്കൽ ടോൾ പ്ലാസകൾ ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയിലൂടെ ടോൾ ഫീസ് പിരിക്കുകയാണ് ചെയ്യുന്നത്. ഏകദേശം മൂന്ന് വർഷം മുമ്പാണ് ടോൾ പിരിവിന്റെ നിർബന്ധിത രീതിയായി ഇത് അവതരിപ്പിച്ചത്.
ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലുള്ളതുപോലുള്ള ഫിസിക്കൽ ടോൾ പ്ലാസകൾ മാറ്റി പകരം ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനം കേന്ദ്രം ഉടൻ കൊണ്ടുവരും. അടുത്ത വർഷം മാർച്ച് മുതൽ നടപ്പാക്കാൻ സാധ്യതയുള്ള പുതിയ ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. പുതിയ ടോൾ പിരിവ് രീതി യാത്രക്കാരിൽ നിന്ന് അവർ സഞ്ചരിക്കുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കാൻ സഹായിക്കുമെന്നും ഗഡ്കരി പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ ജിപിഎസ് അടിസ്ഥാനത്തിലുള്ള ടോൾ പിരിവ് സംവിധാനം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്ത് ടോൾ ഫീ ഈടാക്കും. പുതിയ സംവിധാനത്തിന്റെ പരീക്ഷണ ഓട്ടം കേന്ദ്രം ഇതിനകം രണ്ടിടങ്ങളിൽ നടത്തിയതായി ഗഡ്കരി പറഞ്ഞു. ഒരു വാഹനം സഞ്ചരിക്കുമ്പോൾ ഈ സംവിധാനം ക്യാമറകൾ വഴി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കും. സഞ്ചരിച്ച ദൂരത്തിന്റെ അടിസ്ഥാനത്തിൽ ടോൾ ഫീസ് ഈടാക്കുന്ന അക്കൗണ്ടുകളുമായി നമ്പർ പ്ലേറ്റുകൾ ലിങ്ക് ചെയ്യും.
നിലവിൽ, ഇന്ത്യയിലുടനീളമുള്ള മിക്ക ഹൈവേകളും ടോൾ ഫീസ് കുറയ്ക്കാൻ ഫാസ്ടാഗ് ഉപയോഗിക്കുന്നു. ടോൾ പ്ലാസകളില്‍ പ്രവർത്തിക്കുന്ന സങ്കേതികവിദ്യ വാഹനങ്ങളിൽ ഒട്ടിച്ചിരിക്കുന്ന ഫാസ്ടാഗ് ഐഡികൾ വായിക്കുകയും രണ്ട് ടോൾ പ്ലാസകൾക്കിടയിലുള്ള ദൂരത്തെ അടിസ്ഥാനമാക്കി ഫീസ് ഈടാക്കുകയും ചെയ്യുന്നു. സ്കാൻ ചെയ്യുന്നതിന് വാഹനങ്ങൾ ടോൾ പ്ലാസകളിൽ നിർത്തിയിടണം. ഇത് പലപ്പോഴും നീണ്ട ക്യൂകൾ സൃഷ്ടിക്കുന്നു.