ഇത്‌ നൂറ്റാണ്ടിലെ ഏറ്റവും വരണ്ട ആഗസ്‌ത്‌ ; 8 ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ്‌

ഇത്‌ നൂറ്റാണ്ടിലെ ഏറ്റവും വരണ്ട ആഗസ്‌ത്‌ ; 8 ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ്‌

നിലവിലുള്ള വരണ്ട കാലാവസ്ഥ അടുത്ത രണ്ടാഴ്‌ചയും തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പ്രവചനം. ഇത്‌ യാഥാർഥ്യമായാൽ കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ആഗസ്‌താകും ഇത്‌.

വെള്ളിയാഴ്‌ച കൊല്ലം, കോട്ടയം ജില്ലകളിൽ സാധാരണയിൽനിന്ന്‌ അഞ്ച്‌ ഡിഗ്രി വരെ ചൂട്‌ ഉയർന്നു. ഉയർന്ന താപനില 36 ഡിഗ്രി വരെയായി. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ചൂട്‌ നാല്‌ ഡിഗ്രി വരെയും കൂടി 34 ഡിഗ്രിയായി. കണ്ണൂർ, എറണാകുളം, തൃശൂർ ജില്ലകളിൽ 33 ഡിഗ്രിവരെയും ചൂട്‌ ഉയർന്നു. സാധാരണ ലഭിക്കേണ്ട മഴപോലും ലഭിക്കാതെ വരൾച്ചാഭീഷണി നിലനിൽക്കുന്ന സംസ്ഥാനത്ത്‌ ചൂട്‌ ഉയരുന്നത്‌ പ്രശ്‌നമാണ്‌.

ഒമ്പത്‌ ജില്ലകളിൽ ഇത്തവണ 63 ശതമാനം മുതൽ 41 ശതമാനം വരെ മഴക്കുറവ് രേഖപ്പെടുത്തി. പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിപോലും ഇപ്പോഴില്ല.

പസഫിക് സമുദ്രത്തിൽ എൽനിനോ ശക്തി പ്രാപിക്കുന്നത്‌ മഴ പ്രതീക്ഷയുണർത്തുന്നു. ഇതോടൊപ്പം ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ പോസിറ്റീവ്‌ എന്ന പ്രതിഭാസവും കാണുന്നുണ്ട്‌. ഇതേ രീതി തുടർച്ചയായി നാല്‌ ആഴ്‌ചയുണ്ടായാൽ കടലിലും അന്തരീക്ഷത്തിലും പ്രതികരണമുണ്ടാകും. ഇത്‌ കേരളത്തിലും ചെറിയ തോതിൽ മഴക്ക് അനുകൂലമാകും.

മാഡൻ ജൂലിയൻ ഓസില്ലേഷൻ എന്ന പ്രതിഭാസവും സെപ്‌തംബർ ആദ്യ വാരത്തിനുശേഷം അനുകൂലമേഖലയിൽ വരാൻ സാധ്യതയുണ്ട്‌. ഇതും കേരളത്തിൽ മഴ പ്രതീക്ഷക്ക് ആശ്വാസ സൂചനയാണ്. ഇവയല്ലാം അനുകൂലമായാൽ സെപ്തംബർ രണ്ടാം വാരത്തിനുശേഷം മഴ ലഭിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ പ്രതീക്ഷ നൽകുന്നു.

എട്ടു ജില്ലയിൽ ശനിയാഴ്‌ച താപനില ഉയരുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. കൊല്ലം, കോട്ടയം ജില്ലകളിൽ സാധാരണയുള്ളതിനേക്കാൾ മൂന്നുമുതൽ അഞ്ചു ഡിഗ്രിവരെ ഉയർന്ന്‌ 36 ഡിഗ്രിവരെയാകാം. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ 34 ഡിഗ്രിവരെയും കണ്ണൂർ, എറണാകുളം, തൃശൂർ ജില്ലകളിൽ 33 ഡിഗ്രിവരെയും ഉയർന്നേക്കും.