റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു
ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് കുടിശ്ശികയായവരുടെ വീടും ഭൂമിയും ജപ്തിചെയ്യുന്ന റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വായ്പക്കുടിശ്ശിക ഗഡുക്കളായി അനുവദിക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി റവന്യൂറിക്കവറി നിയമം ഭേദഗതിചെയ്യുന്നത് സര്‍ക്കാര്‍ പരിഗണിക്കുകയാണ്. അതുവരെ എല്ലാ ദേശസാത്കൃത, ഷെഡ്യൂള്‍ഡ്, കൊമേഴ്സ്യല്‍ ബാങ്കുകളുടെയും കുടിശ്ശികയ്ക്കുമേല്‍ റവന്യൂ വകുപ്പുവഴി നടത്തുന്ന ജപ്തിനിര്‍ത്താനാണ് കളക്ടര്‍മാര്‍ക്ക് റവന്യൂ വകുപ്പിന്റെ നിര്‍ദേശം.
അതേസമയം, സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ നേരിട്ട് നടത്തുന്ന ജപ്തിനടപടികളില്‍ സര്‍ക്കാരിന് ഇടപെടാന്‍ ആവില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. അതിനാല്‍ അത്തരം നടപടികള്‍ തുടരുന്നതില്‍ ബാങ്കുകള്‍ക്ക് തടസ്സമുണ്ടാകില്ല. കാര്‍ഷികമേഖലയിലെ പ്രതിസന്ധികാരണം വയനാട്ടില്‍ കര്‍ഷകര്‍ തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ ജപ്തിനേരിടുന്നതായി കളക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രളയവും കോവിഡും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍ റവന്യൂ റിക്കവറിക്ക് നീങ്ങുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ജപ്തിനടപടി കുടുംബങ്ങളെ വഴിയാധാരമാക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു. ജപ്തിക്കെതിരേ ആത്മഹത്യാ സ്ക്വാഡ് രൂപവത്കരിക്കുന്നതിനുള്ള രഹസ്യനീക്കം പലയിടത്തും നടക്കുന്നതായും അതിനാല്‍ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വായ്പക്കുടിശ്ശിക ഗഡുക്കളായി അടയ്ക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ല. കോടതി ഉത്തരവുകളും ഇതിന് അനുകൂലമല്ല. അതിനാലാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നത്തേക്കാണ് ഭേദഗതി കൊണ്ടുവരുകയെന്ന് തീരുമാനമായിട്ടില്ല.