സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു.
സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വർഷത്തിന് ശേഷമാണ് പടിയിറക്കം. സിറോ മലബാർ സഭയെ വർഷങ്ങളായി വരിഞ്ഞുമുറുക്കിയ ഭൂമി വിൽപ്പനയും കുർബാന വിവാദവുമാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തിന് പ്രധാനമായും വഴിതുറന്നത്.
കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കല്ലേറേറ്റ സഭാധ്യക്ഷ്യൻ കൂടിയാണ് ഒടുവിൽ പടിയിറങ്ങുന്നത്. ചങ്ങനാശേരി തുരുത്തിക്കാരനായ ഗീവർഗീസ് എസ് ബി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ രണ്ടാം റാങ്കോടെയാണ് ബിരുദം നേടിയത്.
കേരള കത്തോലിക്കാ സഭയിൽ സമ്പത്തുകൊണ്ടും ആളെണ്ണം കൊണ്ടും പ്രബല വിഭാഗമായ സിറോ മലബാർ സഭയുടെ അമരത്ത് അവരോധിക്കപ്പെട്ടശേഷം സഭാ ഭൂമിവിൽപ്പനയിലടക്കം ‘കണക്കുകൂട്ടലുകൾ’ പിഴച്ചിടത്താണ് കർദിനാൾ ജോർജ് ആലഞ്ചേരിക്ക് കാലിടറിയത്. സഭാധ്യക്ഷൻ എന്ന നിലയ്ക്ക് വഴിവിട്ട യാതൊരു സാമ്പത്തിക നേട്ടവും ആലഞ്ചേരിക്കുണ്ടായില്ലെന്ന് അന്വേഷണ കമ്മീഷനുകൾ വടിവൊത്ത അക്ഷരത്തിൽ വത്തിക്കാനിലേക്കടക്കം എഴുതിക്കൊടുത്തെങ്കിലും കാനോനിക നിയമങ്ങൾ പാലിക്കുന്നതിൽ പിഴവുപറ്റിയെന്ന കണ്ടെത്തലാണ് കർദിനാളിന് തിരിച്ചടിയായത്