ആരോഗ്യപ്രവർത്തകർക്കെതിരായ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും അസഭ്യവും വരെ ആശുപത്രി സംരക്ഷണ നിയമത്തിന്‍റെ പരിധിയിൽപ്പെടുത്താൻ ഓർഡിനൻസ്.
അതിക്രമങ്ങളിൽ ശിക്ഷ 7 വർഷം വരെയാക്കി വർധിപ്പിച്ചും, ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിച്ചുമാണ് ഓർഡിനൻസ് ഒരുങ്ങുന്നത്.
നിയമവകുപ്പ് കൂടി പരിശോധിച്ച് മറ്റന്നാൾ മന്ത്രിസഭ ഓർഡിനൻസ് പുറത്തിറക്കും.
കായികമായ അതിക്രമങ്ങൾ മാത്രമല്ല, വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. ആരോഗ്യപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം വരെ നിയമത്തിൽപ്പെടുത്തണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം.
ആരോഗ്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരിൽ ഒതുങ്ങിയിരുന്ന നിയമപരിരക്ഷ നഴ്സിങ് കോളേജുകൾ ഉൾപ്പടെ ആരോഗ്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.
സ്വാശ്രയ കോളേജുകൾക്ക് ഉൾപ്പടെ നിയമത്തിന്റെ സംരക്ഷണമുണ്ടാകും.