ശാസ്ത്രോത്സവം സമാപിച്ചു : 378 പോയിൻറ് നേടി മൂവാറ്റുപുഴ സെൻറ് അഗസ്റ്റിൻസ് ഗേൾസ് എച്ച് എസ് എസ് സ്കൂൾ ഒന്നാമത്
എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. എസ് ആർ വി ജി വി എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമാപന സമ്മേളനം എറണാകുളം എംപി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. കൊച്ചി നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ് അധ്യക്ഷത വഹിച്ചു.
വിഎച്ച്എസ്ഇ അസിസ്റ്റൻറ് ഡയറക്ടർ ലിസി ജോസഫ് സ്വാഗതം ആശംസിച്ചു . എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി . ജി. അലക്‌സാണ്ടർ ശാസ്ത്രോത്സവത്തിന്റെ അവലോകനം നടത്തി.
ശാസ്ത്രോത്സവത്തിലെ വിജയികൾക്കുള്ള ട്രോഫികൾ ഹൈബി ഈഡൻ എം.പി വിതരണം ചെയ്തു. എല്ലാ മേളകളിൽ നിന്നും 378 പോയിൻറ് നേടി മൂവാറ്റുപുഴ സെൻറ് അഗസ്റ്റിൻസ് ഗേൾസ് എച്ച് എസ് എസ് സ്കൂൾ വിഭാഗത്തിൽ ഒന്നാമതെത്തി. കോതമംഗലം സെൻറ് അഗസ്റ്റിൻസ് എച്ച് എസ് എസിന് ആണ് രണ്ടാം സ്ഥാനം.
സബ്ജില്ലകളിൽ 1249 പോയിന്റോടെ നോർത്ത് പറവൂർ മുന്നിലെത്തി. 1048 പോയിൻറ് നേടിയ അങ്കമാലിക്കാണ് രണ്ടാം സ്ഥാനം.
കൈറ്റ് എറണാകുളം ജില്ലാ കോഡിനേറ്റർ സ്വപ്ന. ജെ. നായർ , ഡി യു വി എച്ച് എസ് എസ് പ്രിൻസിപ്പാൾ ഷാഹിന പി എച്ച്, എസ് ആർ വി ജി എച്ച് എസ് എസ് പ്രധാനാധ്യാപിക രാധിക. സി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എസ് ആർ വി ജി എം വി എച്ച് എസ് എസ് പ്രിൻസിപ്പാൾ ബിജു. എ.എൻ നന്ദി പ്രകാശിപ്പിച്ചു.