സന്തോഷ് ട്രോഫി-കൊച്ചി മേയേഴ്സ് ട്രോഫിയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.
കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ 1973ലെ ടീം അംഗങ്ങളെ കൊച്ചി നഗരസഭ ആദരിക്കുന്ന ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേയേഴ്സ് ട്രോഫിയുടെ സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം ടൗണ്‍ ഹാളില്‍ ആരംഭിച്ച സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം എംഎല്‍എ ടി.ജെ വിനോദ് നിർവഹിച്ചു. കൊച്ചി
മേയര്‍ എം അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി ചരിത്ര വിജയാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മേയേഴ്സ് കപ്പിന് എംഎല്‍എ ടി.ജെ വിനോദ് എല്ലാവിധ ആശംസകളും നേർന്നു. കോര്പറേഷന് കൗണ്‍സിലുകള്‍ മാറി മാറി വന്നാലും കൊച്ചിയിലെ തിലക കുറിയായി ഫുട്ബോള്‍ ടൂര്‍ണമെന്റ് മാറണം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ടൂർണമെന്റ് ആരംഭിക്കുന്നതെന്ന് മേയർ പറഞ്ഞു.
കൊച്ചി നഗരത്തില്‍ മേയേഴ്സ് ട്രോഫി മത്സരം നവംബര്‍ 17ന് ആരംഭിച്ച് ഡിസംബര്‍ മാസം 27 വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ക്കാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് വി. എ. ശ്രീജിത്ത് പറഞ്ഞു. ചടങ്ങില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് വി. എ. ശ്രീജിത്ത്, കൗണ്‍സിലര്‍ ആര് രതീഷ്, പ്രോഗ്രാം കോഡിനേറ്റര്‍ വി. പി. ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.