നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും.

നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും.

നാളെ വൈകിട്ട് 5:00 മണിക്കാണ് നട തുറക്കുക. 10-ാം തീയതി പുലർച്ചെ 5:45നും 6:15-നും മദ്ധ്യേ നിറപുത്തരി ചടങ്ങുകൾ നടക്കും.

 

ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമായാണ് നിറപുത്തരി മഹോത്സവം ആഘോഷിക്കുന്നത്. നിറപുത്തരിയുടെ ഭാഗമായി എത്തിക്കുന്ന നെൽക്കതിരുകൾ 10ന് പുലർച്ചെ പതിനെട്ടാം പടിയിൽ നിന്ന് സ്വീകരിച്ച ശേഷം കിഴക്കേ മണ്ഡപത്തിൽ എത്തിക്കും.

തുടർന്ന് തന്ത്രി കണ്ഠര് രാജീവര് നെൽക്കതിരുകൾ പൂജിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിനുള്ളിലേക്ക് കൊണ്ടുപോകും. ഭഗവാന് മുന്നിൽ കതിരുകൾ വച്ച് പ്രത്യേക പൂജ നടത്തിയതിന് ശേഷം, നട തുറന്ന് ആദ്യം പൂജിച്ച നെൽക്കതിരുകൾ ശ്രീകോവിലിന് മുൻപിൽ കെട്ടിയിടും. തുടർന്ന് ഭക്തർക്ക് നെൽക്കതിരുകൾ വിതരണം ചെയ്യുന്നതാണ്.

തിരുവിതാംകൂർ കൊട്ടാരമാണ് നിറപുത്തരിയുടെ ദിനവും മുഹൂർത്തവും നിശ്ചയിക്കുന്നത്.  ഈ മുഹൂർത്തത്തിൽ തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും നിറപുത്തരി മഹോത്സവം ആഘോഷിക്കും. പാലക്കാടിനു പുറമേ, അച്ചൻകോവിൽ, ആറന്മുള എന്നിവിടങ്ങളിൽ നിന്നും നിറപുത്തരിക്കായി നെൽക്കതിരുകൾ എത്തിക്കാറുണ്ട്.

നിറപുത്തരി ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം, അന്നേദിവസം രാത്രി 10:00 മണിക്ക് തന്നെ നട അടയ്ക്കുന്നതാണ്. തുടർന്ന് ചിങ്ങമാസ പൂജകൾക്കായി 16-ാം തീയതി നട തുറക്കും. ഭക്തർക്ക് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തും, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്ന് സ്പോട്ട് ബുക്കിംഗ് നടത്തിയും ദർശനം നടത്താവുന്നതാണ്.