ചന്ദ്രനിൽനിന്ന് മടങ്ങി പ്രൊപ്പൽഷൻ മൊഡ്യൂൾ
ചന്ദ്രനിൽനിന്ന് പേടകങ്ങളെ മടക്കി എത്തിക്കാനുള്ള പ്രാഥമിക പരീക്ഷണത്തിൽ വിജയിച്ച് ഐഎസ്‌ആർഒ. മൂന്ന് മാസത്തിലേറെയായി ചന്ദ്രനെ ഭ്രമണം ചെയ്യുകയായിരുന്ന ചാന്ദ്രയാൻ 3 ദൗത്യ പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് മടക്കി എത്തിച്ചു. ലാൻഡറും റോവറും അടങ്ങുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് 150 കിലോമീറ്റർ അടുത്ത് എത്തിച്ചത് പ്രൊപ്പൽഷൻ മൊഡ്യൂളാണ്.
പേടകം വേർപ്പെട്ടശേഷം വൃത്താകൃതിയിലുള്ള പഥത്തിൽ ഭ്രമണം ചെയ്യുകയായിരുന്ന മൊഡ്യൂളിൽ നൂറു കിലോഗ്രാം ഇന്ധനം അവശേഷിച്ചിരുന്നു. ഈ ഇന്ധനം ഉപയോഗിച്ച് പരീക്ഷണം നടത്താൻ ഐഎസ്‌ആർഒ തീരുമാനിക്കുകയായിരുന്നു.
ഒക്‌ടോബർ 9ന് ത്രസ്‌റ്റർ ജ്വലിപ്പിച്ച് പഥം 5112 കിലോമീറ്റർ ഉയരത്തിലാക്കി. 13 ന് മൊഡ്യൂളിനെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനുള്ള ശക്തിയേറിയ ജ്വലനം നടത്തി. ഇതോടെ പഥം1.8 ലക്ഷം കിലോമീറ്ററിനും 3.8 ലക്ഷം കിലോമീറ്ററിനും ഇടയിലായി. നവംബർ 10ന് മൊഡ്യൂൾ ചന്ദ്രന്റെ ആകർഷണ പരിധിയിൽനിന്ന് പുറത്തു വന്നു. നിലവിൽ ഭൂമിയെ ചുറ്റുന്ന മൊഡ്യൂൾ മറ്റ് കൃത്രിമ ഉപഗ്രഹങ്ങൾക്ക് ഭീഷണിയാകാത്ത പഥത്തിലാണ്. ചന്ദ്രനിലിറങ്ങിയ പേടകങ്ങളെ മടക്കിക്കൊണ്ടു വരുന്നതിനുള്ള ഭാവി ദൗത്യങ്ങൾക്കായുള്ള പരീക്ഷണങ്ങളുടെ ആദ്യഘട്ടമാണിതെന്ന് ഐഎസ്‌ആർഒ അറിയിച്ചു. മൊഡ്യൂളിൽ ഷേയ്‌പ് എന്ന പരീക്ഷണ ഉപകരണമുണ്ട്. ജൂലൈ 14 നാണ് ചാന്ദ്രയാൻ 3 വിക്ഷേപിച്ചത്. ആഗസ്‌ത് 23 ന് ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ഇറങ്ങി. 11 ദിവസത്തെ പര്യവേക്ഷണത്തിൽ ലാൻഡറും റോവറും നിരവധി വിവരങ്ങൾ ലഭ്യമാക്കി.