രാഹുൽ ഗാന്ധിക്ക് ആശ്വാസം; വിധി സ്റ്റേ ചെയ്തു

രാഹുൽ ഗാന്ധിക്ക് ആശ്വാസം; വിധി സ്റ്റേ ചെയ്തു

‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.

 

വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും. എംപി സ്ഥാനം തിരികെ ലഭിക്കുകയും ചെയ്യും.വിധി പറയുംമുൻപ് ഇരുവിഭാഗത്തിന്റെയും വിശദമായ വാദം സുപ്രീംകോടതി കേട്ടു. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയമാണ് കോടതി അനുവദിച്ചത്. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി വാദിച്ചത്.

സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു രാഹുൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരന് വേണ്ടി ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് പരാതിക്കാരൻ. സുപ്രീം കോടതയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

സാക്ഷി പോലും പരാമർശം അപകീർത്തിപ്പെടുത്താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് മനു അഭിഷേക് സിങ്‌വി പറഞ്ഞു. രാഹുൽ ക്രിമിനൽ അല്ല. പരമാവധി ശിക്ഷ നൽകാൻ കൊലക്കേസോ ബലാൽസംഗ കേസോ അല്ല. സമൂഹത്തിന് എതിരായ കുറ്റമല്ല. എട്ടുവർഷത്തേക്ക് ഒരാളെ നിശബ്ദനാക്കുക മാത്രമാണ് ലക്ഷ്യം. വയനാട് തെരഞ്ഞെടുപ്പും സിങ്‌വി ഉന്നയിച്ചു. പിന്നാലെ രാഷ്ട്രീയം പറയേണ്ടെന്ന് കോടതി പറഞ്ഞു.

മോദിസമുദായത്തെ രാഹുൽ അപമാനിച്ചിട്ടില്ല. ജനാധിപത്യത്തിലെ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. പരാതിക്കാർ ബിജെപി പ്രവർത്തകരാണ്. രാഹുലിനെതിരെ തെളിവില്ല, പത്ര കട്ടിങ്ങുകൾ മാത്രമേ ഉള്ളൂ. ഇത് ഒരാളെ മാത്രം ബാധിക്കുന്നതല്ല. തെരഞ്ഞെടുപ്പിന്റെ കൂടി വിഷയമാണ്. ഗുരുതരകുറ്റം ചെയ്തതു പോലെയാണ് വിചാരണക്കോടതിയുടെ സമീപനമെന്നും അദ്ദേഹം സുപ്രീംകോടതിയിൽ വാദിച്ചു.‌

എന്നാല്‍ മനഃപൂർവം നടത്തിയ പ്രസ്താവനയാണിതെന്ന് പരാതിക്കാരന്റെ അഭിഭാഷകനായ മഹേഷ് ജഠ്മലാനി വാദിച്ചു. പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ അധിക്ഷേപിക്കാൻ ഉപയോഗിച്ചു. മോദി എന്നു പേരുള്ള എല്ലാവരെയും അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കേസിൽ തെളിവുണ്ട്. പ്രസംഗം നേരിട്ടുകേട്ടയാളാണ് പരാതിക്കാരൻ. തെരഞ്ഞെടുപ്പ് കമ്മീഷനായി വിഡിയോ എടുത്തയാളും സാക്ഷിയാണ്. രാഹുലിന് ഈ ശിക്ഷയിൽ നിന്ന് ഒരു സന്ദേശം കിട്ടണം. രാഹുലിന്റെ ‘ചൗക്കി ദാർ ചോർ’ എന്ന പരാമർശവും പരാതിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

2019 ഏപ്രിലിലാണ് കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്ന കേസിനാസ്പദമായ പരാമർശം രാഹുൽ ഗാന്ധി നടത്തിയത്. പൂർണേഷ് മോദി നൽകിയ പരാതിയില്‍ മാർച്ച് 23ന് സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് 2 വർഷം തടവും പിഴയും വിധിച്ചിരുന്നു.

ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധിക്കു പിന്നാലെ രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായിരുന്നു.