സ്വവർഗ ദമ്പതികളെ അനുഗ്രഹിക്കാം: വൈദികർക്ക് അനുമതി നൽകി ഫ്രാൻസിസ് മാർപാപ്പ
സ്വവർഗ ദമ്പതികൾക്ക് കൂദാശകളുടെയോ ആരാധനക്രമങ്ങളുടെയോ ഭാഗമല്ലാതെ ആശീർവാദം നൽകാൻ വൈദികരെ ഔദ്യോഗികമായി അനുവദിച്ച് ഫ്രാൻസിസ് മാർപാപ്പ. ദൈവാനുഗ്രഹം തേടാനും സഭയോട് അടുത്തു നിൽക്കാനും ആഗ്രഹിക്കുന്നവരെ അതിരുകടന്ന ധാർമിക വിചാരണയിലൂടെ തടയേണ്ടതില്ലെന്നും വത്തിക്കാൻ പുറത്തിറക്കിയ രേഖ വ്യക്തമാക്കുന്നു.
ഒക്ടോബറിൽ 2 യാഥാസ്ഥിതിക കർദിനാൾമാർക്ക് മാർപാപ്പ എഴുതിയ കത്തിന്റെ വിശദീകരണമായാണു പുതിയ രേഖ പുറത്തിറക്കിയത്.
സഭയുടെ കാഴ്ചപ്പാടിൽ വിവാഹം സ്ത്രീയും പുരുഷനും തമ്മിലുള്ള ആജീവനാന്ത ഉടമ്പടിയാണ്. അതിൽ മാറ്റമില്ല. എന്നാൽ ആ കാഴ്ചപ്പാടിനു പുറത്തു നിൽക്കുന്നവർ അനുഗ്രഹാഭ്യർഥനയുമായി എത്തുമ്പോൾ ഉപേക്ഷിക്കുകയോ സഭയിൽ നിന്ന് അകറ്റുകയോ ചെയ്യണ്ടതില്ല.
വിവാഹവസ്ത്രത്തിലോ വിവാഹച്ചടങ്ങിലോ ആരാധനയുടെ ഭാഗമായോ പാടില്ല. അവർക്കു ദൈവവിശ്വാസം വർധിപ്പിക്കാനുള്ള വഴിയായും സഭ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നതിന്റെ അടയാളമായും അനുഗ്രഹം നൽകാം. അനുഗ്രഹം സ്വീകരിക്കാനുള്ള താൽപര്യത്തെ വിലമതിക്കണമെന്നും രേഖയിൽ പറയുന്നു.