നോറ ഫെർണാണ്ടസ് കേരള ബ്ലാസേറ്റേഴ്‌സിൽ
ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ മൂന്നു വർഷത്തെ കരാറിൽ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 2027 വരെയുള്ള കരാറാണ് താരം ഒപ്പു വെച്ചിരിക്കുന്നത്. ഗോവയിൽ ജനിച്ച നോറ സാൽഗോക്കർ എഫ്‌സിയുടെ അണ്ടർ 18 ടീമിലൂടെയാണ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്.
2020ൽ ചർച്ചിൽ ബ്രദേഴ്‌സിലേക്ക് ചേക്കേറുന്നതിനു മുമ്പ് അണ്ടർ 18 ഐലീഗിലും ഗോവ പ്രൊഫഷണൽ ലീഗിലും നോറ സാൽഗോക്കറിന് വേണ്ടി കളിച്ചിട്ടുണ്ട്. 2020നും 2023നും ഇടയിൽ, നോറ ഐ ലീഗിലും സൂപ്പർ കപ്പിലുമായി ചർച്ചിൽ ബ്രദേഴ്‌സിനായി 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒടുവിൽ 2023/24 ഐലീഗ് സീസണിൽ ആദ്യചോയ്‌സ് ഗോൾകീപ്പറായി ഐസ്വാൾ എഫ്‌സി അദ്ദേഹത്തിന് അവസരം നൽകി. ആ സീസണിൽ നോറ അവർക്കായി 17 മത്സരങ്ങൾ കളിച്ചു.
പെനാൽറ്റി ഏരിയയിലെ ആധിപത്യം, പന്തുകൾ തടുക്കാനുള്ള കഴിവുകൾ എന്നിവ നോറയുടെ പ്രത്യേകതയാണ്.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിപോലുള്ള ക്ലബ്ബിൽ ചേരുന്നതിൽ അഭിമാനവും ആവേശവും ഉണ്ട്. എന്റെ ആദ്യ ഐഎസ്എൽ സീസണിനായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്, എന്റെ ഏറ്റവും മികച്ചത് നൽകാനും എന്റെ കഴിവിന്റെ ഏറ്റവും ഉയർന്ന പ്രകടനം നടത്താനും ഞാൻ ശ്രമിക്കുമെന്നും നോറ ഫെർണാണ്ടസ് പറഞ്ഞു.