ചെറുവീടുകൾക്ക് വസ്തുനികുതി വേണ്ട; ഏപ്രിൽ മുതൽ മുൻകാലപ്രാബല്യം
സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും 645 ചതുരശ്രയടി (60 ചതുരശ്ര മീറ്റർ) വരെ വിസ്‌തീർണമുള്ള വീടുകളെ വസ്തുനികുതിയിൽ (കെട്ടിടനികുതി) നിന്ന് ഒഴിവാക്കിയ നടപടിക്ക് മന്ത്രിസഭായോഗം അംഗീകാരംനൽകി.
ഇത്തരം വീടുകളെ ഏപ്രിൽ ഒന്നുമുതൽ വസ്തുനികുതിയിൽനിന്ന് ഒഴിവാക്കി തദ്ദേശവകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇത് ചില തദ്ദേശസ്ഥാപനങ്ങൾ അംഗീകരിക്കാത്തത് ഉൾപ്പെടെയുള്ള സാങ്കേതികപ്രശ്നങ്ങളുണ്ടായി. ഇതു മറികടക്കാനാണ് മന്ത്രിസഭയിൽ അവതരിപ്പിച്ച് അംഗീകാരം നേടിയത്. കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ മുൻകാലപ്രാബല്യമുണ്ടാകും.
ബിപിഎൽ വിഭാഗത്തിൽപെട്ടവരുടെ 30 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കാണ് മുൻപ് നികുതി സൗജന്യം അനുവദിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ കെട്ടിടനികുതി വർധിപ്പിച്ചപ്പോൾ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് 60 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കു സൗജന്യം അനുവദിച്ചത്.
സ്വന്തം താമസത്തിനുപയോഗിക്കുന്ന 60 ചതുരശ്രമീറ്റർ വരെയുള്ള വീടുകൾക്കാണ് വസ്തുനികുതിയിളവ് ലഭിക്കുക. ഒരാൾക്ക് ഒരുവീടിനുമാത്രമേ ഇളവുലഭിക്കൂ. ലൈഫ്, പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് അടക്കം ഇളവുലഭിക്കും. ലൈഫ് പദ്ധതിയിൽ 650 ചതുരശ്രയടിയിൽ താഴെയുള്ള വീടുകളാണ് നിർമിക്കുന്നത്.