മാർക്കിന്റെ അടിസ്ഥാനത്തിൽ വേർതിരിവ് വേണ്ട; നിർണായക തീരുമാനങ്ങളുമായി സിബിഎസ്ഇ

മാർക്കിന്റെ അടിസ്ഥാനത്തിൽ വേർതിരിവ് വേണ്ട; നിർണായക തീരുമാനങ്ങളുമായി സിബിഎസ്ഇ

വിദ്യാർഥികൾക്കിടയിലെ അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടുതൽ നിർണായക തീരുമാനങ്ങൾ പുറത്തുവിട്ട് സിബിഎസ്ഇ. 10,12 ക്ലാസുകളിൽ ഗ്രേഡ് ഉൾപ്പെടെ തീരുമാനിക്കുന്നതിലെ മാനദണ്ഡങ്ങൾ ചോദ്യം ചെയ്ത് ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിരന്തരം പരാതി ഉന്നയിക്കുന്നുണ്ട്. നന്നായി പഠിക്കുന്ന വിദ്യാർഥികൾക്കു പോലും മികച്ച ഗ്രേഡ് ലഭിക്കാതിരിക്കുക, ശരാശരിക്കാർക്ക് മെച്ചപ്പെട്ട മാർക്ക് ലഭിക്കുക തുടങ്ങി പരാതികൾ വ്യാപകമായതോടെയാണ് പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ ബോർഡ് നിർബന്ധിതമായത്.

10,12 ക്ലാസ് പരീക്ഷയ്ക്കു ശേഷം വിദ്യാർഥികളെ മാർക്കിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്ന പതിവ് അവസാനിപ്പിക്കുകയാണ്. സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് ആണ് ഇക്കാര്യമറിയിച്ചത്. വിദ്യാർഥികളുടെ മാർക്ക് കൂട്ടാൻ ഏറ്റവും വൈദഗ്ധ്യമുള്ള 5 വിഷയങ്ങൾ അതാതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തന്നെ തിരഞ്ഞെടുക്കാമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്.

അഞ്ചിൽക്കൂടുതൽ വിഷയങ്ങൾ വിദ്യാർഥി തിരഞ്ഞെടുക്കുകയാണെങ്കിൽ, മാർക്കും ശരാശരിയും കണക്കുകൂട്ടാൻ അടിസ്ഥാനമാക്കുന്ന 5 വിഷയങ്ങൾ ഏതൊക്കെയെന്ന് അതത് വിദ്യാഭ്യാസ സ്ഥാപനത്തിനു തീരുമാനിക്കാം. വിദ്യാർഥികളുടെ മാർക്കിന്റെ ശരാശരി കണക്കുകൂട്ടി മുന്നിലെത്തിയവരുടെ പേരുകൾ ഇനി ബോർഡ് പ്രത്യേകമായി പ്രഖ്യാപിക്കുകയുമില്ല. ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ വേണ്ടി മാർക്കിന്റെ ശരാശരി അത്യാവശ്യമാണെങ്കിൽ പഠിച്ചുകൊണ്ട‌ിരിക്കുന്ന സ്ഥാപനത്തിനു തന്നെ ചെയ്യാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

10, 12 ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 ന് തുടങ്ങുമെന്ന് നേരത്തേ ബോർഡ് അറിയിച്ചിരുന്നു. പരീക്ഷാ ഫലം പ്രഖ്യാപിക്കുമ്പോൾ മെറിറ്റ് ലിസ്റ്റ് കൂടി പുറത്തുവിടുന്നത് കഴിഞ്ഞ വർഷം തന്നെ സിബിഎസ്ഇ അവസാനിപ്പിച്ചിരുന്നു. മുന്നിലെത്തിയ വിദ്യാർഥികളുടെ പേര് പ്രഖ്യാപിക്കുന്നതും നിർത്തിയിരുന്നു.

വിദ്യാർഥികൾക്കിടയിലെ മത്സരം അതിരു വിട്ടതോടെയാണ് കടുത്ത തീരുമാനങ്ങളെടുക്കാൻ ബോർഡ് നിർബന്ധിതമായത്. വിദ്യാർഥികളിൽ തുടങ്ങുന്ന മത്സരം പിന്നീട് രക്ഷകർത്താക്കൾ ഏറ്റെടുക്കുന്നതും തീരുമാനങ്ങളെ വ്യാപകമായി ചോദ്യം ചെയ്യുന്നതും ഒട്ടേറെ പ്രശ്നങ്ങൾക്കും കാരണമായിരുന്നു. ഇതിനെല്ലാമുള്ള പരിഹാരമായാണ് പുതിയ തീരുമാനങ്ങൾ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.