നിർമ്മല സീതാരാമൻ മുതൽ അനുപ്രിയ സിംഗ് പട്ടേൽ വരെ; മോദി സർക്കാരിൽ ഏഴ് വനിതാ മന്ത്രിമാർ
മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. 71 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. രണ്ടാം മോദി സർക്കാരിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നവർ പുതിയ മന്ത്രി സഭയിലും ഉണ്ട്. നിർമല സീതാരാമൻ, അന്നപൂർണാ ദേവി, അനുപ്രിയ സിംഗ് പട്ടേൽ എന്നിവരുൾപ്പെടെ ഏഴ് സ്ത്രീകൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി ഭാരതി പവാർ, സാധ്വി നിരഞ്ജൻ ജ്യോതി, ദർശന ജർദോഷ്, മീനാക്ഷി ലേഖി, പ്രതിമ ഭൂമിക് എന്നിവരാണ് കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.
മുൻ കേന്ദ്രമന്ത്രി നിർമല സീതാരാമൻ, ബിജെപി എംപിമാരായ അന്നപൂർണാ ദേവി, ശോഭ കരന്ദ്ലാജെ, രക്ഷാ ഖഡ്സെ, സാവിത്രി താക്കൂർ, നിമുബെൻ ബംഭാനിയ, അപ്നാദൾ എംപി അനുപ്രിയ പട്ടേൽ എന്നിവരാണ് പുതിയ മന്ത്രിസഭയിലെ വനിതാ മന്ത്രിമാർ. നിർമലാ സീതാരാമനെയും അന്നപൂർണാ ദേവിയെയും കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തി. മറ്റുള്ളവർ സഹമന്ത്രിമാരായാണ് സത്യപ്രതിജ്ഞ ചെയ്തു.