മെറി മെട്രോ : മെട്രോ യാത്രക്കാർക്ക് ‘ഹാപ്പി’ ക്രിസ്മസ് നേരാൻ ക്രിസ്മസ് സമ്മാനങ്ങളുമായി മെട്രോ സാന്റാ
ഇനി കൊച്ചി വൺ ആപ്പ് വഴി ഗ്രൂപ്പ് ബുക്കിംഗ് സൗകര്യവും
കൊച്ചി മെട്രോയുടെ ക്രിസ്മസ് ആഘോഷ പരിപാടിയായ മെറി മെട്രോ 2023 യാത്രക്കാർ ഏറ്റെടുത്തു കഴിഞ്ഞു. മെഗാ കരോൾ ഗാന മത്സരത്തിന്റെ ഗംഭീര വിജയത്തിന് ശേഷം കൈനിറയെ സമ്മാനങ്ങളുമായി മെട്രോ യാത്രയ്ക്കായെത്തിയ മെട്രോ സാന്റായെ യാത്രക്കാർ നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിച്ചു. അപ്രതീക്ഷിതമായി സാന്റയെ കാണുവാനും സമ്മാനങ്ങൾ നേടുവാനും സാധിച്ച യാത്രക്കാർ ഡബിൾ ഹാപ്പി. വരും ദിവസങ്ങളിലും കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും സമ്മാനങ്ങളുമായി മെട്രോ സാന്റാ എത്തും.
കൊച്ചി വൺ ആപ്പ് വഴിയും ഇന്ന് മുതൽ ഗ്രൂപ്പ് ബുക്കിംഗ് സൌകര്യം ലഭ്യമാണ്. മെട്രോ സാന്റായാണ് ഗ്രൂപ്പ് ബുക്കിംഗ് ഉദ്ഘാടനം ചെയ്തത്. മൊബൈൽ ക്യൂആർ ഗ്രൂപ്പ് ബുക്കിംഗ് ഉപയോഗിച്ച് യാത്ര ചെയ്ത സാന്റാക്ളോസിനെ കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശ്രീ.ലോക്നാഥ് ബെഹ്റ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിൽ സ്വാഗതം ചെയ്തു.
സാന്റായ്ക്കൊപ്പം ശ്രീ.ലോക്നാഥ് ബെഹ്റയും മെട്രോയിൽ യാത്ര ചെയ്തു. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് കൌണ്ടറിൽ കാത്ത് നിൽക്കാതെ കൊച്ചി വൺ ആപ്പ് വഴി ഒരേസമയം ആറ് ടിക്കറ്റ് വരെ ബുക്ക് ചെയ്യാനാകുമെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശ്രീ.ലോക്നാഥ് ബെഹ്റ അറിയിച്ചു. കൊച്ചി മെട്രോ ടിക്കറ്റുകൾ പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കൂടിയാണിത്. ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓരോ യാത്രക്കും 10 ശതമാനം ഇളവും ലഭിക്കും.
മെറി മെട്രോ 2023ന്റെ ഭാഗമായുള്ള പുൽക്കൂട് നിർമ്മാണ മത്സരവും ക്രിസ്മസ് ട്രീ അലങ്കാര മത്സരവും നാളെ ആലുവ, പാലാരിവട്ടം, ഇടപ്പള്ളി, കടവന്ത്ര, എളംകുളം എന്നീ മെട്രോ സ്റ്റേഷനുകളിൽ നടക്കും.