ഭൂമി തട്ടിപ്പ് കേസ്: ഹേമന്ത് സോറന് ജാമ്യം
ഭൂമി തട്ടിപ്പ് കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം ലഭിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സോറൻ ജയിലിൽ കഴിഞ്ഞ് വരികെയാണ് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. അനധികൃതമായി 31 കോടിയിലധികം വില വരുന്ന 8.86 ഏക്കർ ഭൂമി സമ്പാാദിച്ചെന്ന കേസിലാണ് ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തിരുന്നത്. ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഹേമന്ത് സോറന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അറസ്റ്റ് തീരുമാനത്തിന് പിന്നാലെ ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് മെമ്മോയിൽ ഒപ്പിടൂ എന്ന് സോറൻ വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് ഹേമന്ത് സോറൻ രാജിവയ്ക്കുകയായിരുന്നു. കേസിൽ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ഛാവി രഞ്ജൻ അടക്കം ഉൾപ്പെടും.