കുവൈറ്റ് തീപിടിത്തം: മൃതദേഹങ്ങളുമായി വ്യോമസേനാ വിമാനം കൊച്ചിയിലെത്തി
കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലെത്തി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. 23 മലയാളികളടക്കം 31 പേരുടെ മൃതുതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തി. മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും.
കുവൈറ്റിലെ മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തിൽ ബുധനാഴ്ചയാണ് അഗ്നിബാധയുണ്ടാകുന്നത്. തീപിടിത്തതിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയർഫോഴ്സിന്റെ അന്വേഷണ റിപ്പോർട്ട്. ഗാർഡിന്റെ റൂമിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയർഫോഴ്സ് പ്രസ്താവനയിൽ വ്യക്തമാക്കി. അപകടത്തിൽ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതിൽ 46 പേരെ തിരിച്ചറിഞ്ഞു.