കെ–ടെറ്റ്: മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് മാർക്ക് ഇളവില്ല

കെ–ടെറ്റ്: മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് മാർക്ക് ഇളവില്ല

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ കെ–ടെറ്റിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് (ഇഡബ്ല്യുഎസ്) മാർക്ക് ഇളവ് അനുവദിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. പട്ടിക വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും 5% മാർക്ക് ഇളവുണ്ട്.

ഇതേ ആനുകൂല്യം ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജികളിൽ അന്തിമ തീരുമാനമെടുക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു.

കേന്ദ്ര സിലബസ് സ്കൂളുകളിലെ അധ്യാപക യോഗ്യതാപരീക്ഷയായ സി–ടെറ്റിൽ ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് ഇളവു നൽകുന്നില്ലെന്നതാണ് സർക്കാർ കണക്കിലെടുത്തത്. ഓരോ വർഷവും ഒരു ലക്ഷത്തിലേറെപ്പേരാണ് കെ–ടെറ്റ് പരീക്ഷ എഴുതുന്നത്.