മാലിന്യം തള്ളിയാൽ തടവും പിഴയും: ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം
പൊതുനിരത്തിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിയുന്നവർക്ക് 1000 രൂപ മുതൽ 50000 രൂപവരെ പിഴയും ആറു മാസം മുതൽ ഒരുവർഷം വരെ തടവും ലഭിക്കും. ഇതിനുള്ള കരട് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു.
വിസർജ്യവും ചവറും ഉൾപ്പെടെയുള്ള മാലിന്യം ജലാശയത്തിലോ ജലസ്രോതസ്സിലോ തള്ളുന്നവർക്കും കക്കൂസ് മാലിന്യം ഒഴുക്കുന്നവർക്കും 10000 മുതൽ 50000 രൂപ വരെ പിഴയും ആറുമുതൽ ഒരുവർഷം വരെ തടവും ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്താലും 5000 രൂപ പിഴ ഈടാക്കും.
സാധാരണ നിയമലംഘനങ്ങൾക്ക് 1000 മുതൽ 10000 രൂപവരെ പിഴ തദ്ദേശ സെക്രട്ടറിക്ക് ഈടാക്കാം. മാലിന്യ നിക്ഷേപം സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകും. വിവരം തെറ്റാണെങ്കിൽ 10000 രൂപ പിഴ ഒടുക്കേണ്ടിവരും.
വീടുകളും സ്ഥാപനങ്ങളും മാലിന്യശേഖരണത്തിനുള്ള യൂസർഫീ നിർബന്ധമായും നൽകണം. നൽകാത്തവരിൽനിന്ന് പിഴ ഈടാക്കാനുള്ള നിർദേശങ്ങൾ 2023-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി), കേരള പഞ്ചായത്ത് രാജ് (ഭേദഗതി) കരട് ഓർഡിനൻസുകളിൽ ഉൾപ്പെടുത്തി. യൂസർഫീ നൽകിയില്ലെങ്കിൽ മൂന്നു മാസം കഴിയുന്ന മുറയ്ക്ക് 50 ശതമാനം പിഴ സഹിതമാകും തുക ഈടാക്കുക. ആളൊഴിഞ്ഞ വീടുകളെ യൂസർഫീയിൽ നിന്ന് ഒഴിവാക്കും.
നൂറിലധികം പേർ പങ്കെടുക്കുന്ന പരിപാടിയോ ഒത്തുകൂടലോ ഉണ്ടെങ്കിൽ മൂന്നു പ്രവൃത്തിദിവസം മുമ്പെങ്കിലും തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. പരിപാടിസ്ഥലത്ത് മാലിന്യം തരംതിരിച്ച് ഏജൻസികൾക്ക് കൈമാറുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. മാലിന്യം നീക്കാനുള്ള ഫീസ് മുൻകൂറായി ഈടാക്കും.
മാലിന്യസംസ്കരണ പദ്ധതികൾക്ക് സ്വകാര്യഭൂമി ഏറ്റെടുക്കാൻ അധികാരം നൽകുന്ന വ്യവസ്ഥയും ഓർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലത്ത് മാലിന്യം കൂടിക്കിടന്ന് പരിസ്ഥിതിപ്രശ്നം ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ശിക്ഷാ നടപടി നേരിടേണ്ടിവരും. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ പിഴ ചുമത്തും. കടകളും വാണിജ്യ സ്ഥാപനങ്ങളും പരിസരത്ത് മാലിന്യം വലിച്ചെറിയരുതെന്നും വ്യവസ്ഥയുണ്ട്.