വൈദ്യുതി കുടിശ്ശിക നൽകുന്നതിനെ ചൊല്ലി കെഎസ്ഇബിയും പൊലീസും തമ്മിൽ പോര്
തിരുവനന്തപുരം: വൈദ്യുതി കുടിശ്ശിക നൽകുന്നതിനെ ചൊല്ലി കെഎസ്ഇബിയും പൊലീസും തമ്മിൽ അസാധാരണ പോര്. കുടിശ്ശിക അടക്കാത്തതിനാൽ ജപ്തി നടപടിക്ക് നോട്ടീസ് നൽകിയ ബോർഡിന് തിരിച്ച് കത്ത് നൽകി പൊലീസ്. കെഎസ്ഇബിക്ക് സംരക്ഷണം നൽകിയ വകയിലെ 130 കോടി നൽകിയ ശേഷം കുടിശ്ശികയെ കുറിച്ച് സംസാരിക്കാമെന്നാണ് എഡിജിപിയുടെ കത്ത്. രണ്ട് സർക്കാർ വകുപ്പുകൾ തമ്മിൽ കുടിശ്ശികയിൽ പൊരിഞ്ഞ പോരാണ് നടക്കുന്നത്.
വൈദ്യുതി കുടിശിക നൽകാത്തതിനാൽ കെഎപി മൂന്നാം ബറ്റാലിയനെതിരെയാണ് വൈദ്യുതി ബോർഡ് ജപ്തി നടപടികള്‍ തുങ്ങിയത്. 2004 മുതൽ 2009 വരെയുള്ള കുടിശികയും പിഴയും അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജപ്തി നോട്ടീസ്. സമാനമായി പല പൊലിസ് യൂണിറ്റുകള്‍ക്കും നോട്ടീസെത്തിയതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അസാധാരണ തുടർനടപടി.
കെഎസ്ഇബി ആസ്ഥാനത്തിനും അണകെട്ടുകള്‍ക്കും സംഭരണ കേന്ദ്രങ്ങള്‍ക്കുമെല്ലാം സംരക്ഷണം നൽകുന്നത് പൊലിസാണ്. സംരക്ഷണം നൽകുന്നതിന് ബോർഡ് പണം നൽകുന്നുണ്ട്. പൊലിസടക്കേണ്ട വൈദ്യുതി ചാർജ്ജും സംരക്ഷണത്തിന് നൽകേണ്ട പ്രതിഫലവും കൂട്ടിക്കിഴിച്ച് തിട്ടപ്പെട്ടുത്തി ഇരുകൂട്ടരും മുന്നോട്ടുപോവുകയായിരുന്നു. 2021ല്‍ തുക കൈമാറ്റം സംബന്ധിച്ച തർക്കമുണ്ടായി. അങ്ങനെ വൈദ്യുതിക്കു തുക നൽകുന്നതിന് പകരം പൊലിസിന് നൽകേണ്ട പ്രതിഫലം കുറവു ചെയ്യുന്ന കാര്യത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഏറെനാളായി തർക്കമുണ്ട്.
ഇതിനിടെ ബോർഡ് കുടിശിക ചൂണ്ടികാട്ടി നോട്ടീസുകള്‍ അയച്ചതാണ് പൊലിസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. 130 കോടി രൂപ പൊലിസിന് നൽകാനുള്ള തുക ആദ്യം നൽകിയിട്ട് ജപ്തി ആലോചിക്കാമെന്നാണ് എഡിജിപി കെ. പത്മകുമാർ കെഎസ്ഇബി ചെയർമാന് കത്ത് നൽകിയത്. സംരക്ഷണം നൽകുന്നതിനുള്ള കുടിശിക പിരിച്ചെടുക്കാത്തതിനാൽ പല ഓഡിറ്റുകള്‍ക്കും പൊലിസ് മറുപടി നൽകേണ്ടിവരുന്നു. അതിനാൽ തരാനുള്ള പണം ഡിജിപിയുടെ പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റായി ഉടൻ നൽകണം. കുടിശിക അടയ്ക്കണമെന്ന കാര്യത്തിൽ ബോർഡ് ഉന്നയിച്ച ന്യായങ്ങളിൽ വ്യക്തത തേടി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.