തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 30 ആയി, നിരവധി ആളുകൾ ആശുപത്രിയിൽ

തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 30 ആയി, നിരവധി ആളുകൾ ആശുപത്രിയിൽ

തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 30 ആയി ഉയർന്നു. നൂറിലധികം പേർ അനധികൃത മദ്യം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടർ എംഎസ് പ്രശാന്ത് വാർത്താ ഏജൻസിയായ എഎൻഐയോട് സ്ഥിരീകരിച്ചു. മരിച്ചവരിൽ സ്ത്രീകളും ഉൾപ്പെട്ടിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സംബന്ധിച്ച് ഡോക്ടർമാരുടെ പാനൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കും. മദ്യവിൽപ്പന നടത്തിയിരുന്ന കണ്ണുക്കുട്ടി എന്നറിയപ്പെടുന്ന ഗോവിന്ദരാജ് എന്നയാളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 200 ലിറ്റർ മദ്യവും പിടിച്ചെടുത്തു. പരിശോധനയിൽ സാമ്പിളുകളിൽ മെഥനോൾ അടങ്ങിയിട്ടുണ്ടെന്ന് സർക്കാരിൻ്റെ പ്രസ്താവനയിൽ പറയുന്നു.

74 പേർക്ക് (67 പുരുഷന്മാരും 6 സ്ത്രീകളും 1 ട്രാൻസ്‌ജെൻഡറും) അനധികൃത മദ്യം കഴിച്ച് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതായി സംസ്ഥാന മന്ത്രി ഇ വി വേലു പറഞ്ഞു.

ജൂൺ 18 ന് കള്ളാക്കുറിച്ചി ജില്ലയിലെ കരുണാപുരത്ത് നിന്നുള്ള ദിവസക്കൂലിക്കാരായ നിരവധി ആളുകൾ പാക്കറ്റുകളിലും സാച്ചുകളിലും വിറ്റ വ്യാജ മദ്യം കഴിച്ചതായി അധികൃതർ പറഞ്ഞു. രാത്രിയായപ്പോൾ, അവരിൽ പലർക്കും വയറിളക്കം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. ഇതോടെയാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.