നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിൽ പോകാൻ ദില്ലി ഹൈക്കോടതി അനുമതി നൽകി
യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ അമ്മയ്ക്ക് ആശ്വാസ വിധിയുമായി ദില്ലി ഹൈക്കോടതി.
മകളെ യെമനിൽ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി അമ്മ സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി നടപടികള്‍ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി.
മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി ചോദിച്ചു. വാദത്തിനിടെ അനുമതി നൽകുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു.
എന്നാൽ ഇത് കണക്കിലെടുക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. യമനിലേക്കുള്ള യാത്ര അനുമതി തേടിയാണ് അമ്മ പ്രേമകുമാരി ഹൈക്കോടതിയെ സമീപിച്ചത്. യമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശി സാമുവേൽ ജെറോമിന്റെ വിവരങ്ങൾ നിമിഷയുടെ അമ്മയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഒപ്പം അമ്മക്കൊപ്പം യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും ധരിപ്പിച്ചു. ഇവരോട് വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് ലഭിച്ച ശേഷമാണ് കോടതി ഉത്തരവ്.