ഡീപ്പ് ഫേക്ക് വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകണം : കേന്ദ്രം
ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകണം, കേന്ദ്രത്തിന്റെ അന്ത്യശാസനം ഡീപ്പ് ഫേക്ക് വിഷയത്തിൽ
ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായി സർക്കാർ. ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഓഫീസറെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ചർച്ചകൾ നടത്തിയിരുന്നു.
കൂടാതെ ഐടി നിയമ ലംഘനവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉപഭോക്താക്കളുടെ ശ്രദ്ധയിൽപ്പെടുത്താനും പരാതി നൽകുന്നതിനുള്ള സഹായം നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യും. അതിനുശേഷം ഉള്ളടക്കത്തിന്റെ സോഴ്സ് കണ്ടെത്തിയ ശേഷമാണ് നടപടികൾ തുടരുക. കൂടാതെ ഇവ ഷെയർ ചെയ്തവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഐടി നിയമങ്ങൾക്കനുസൃതമായി ഏഴ് ദിവസത്തിനുള്ളിൽ വ്യവസ്ഥകൾ രൂപീകരിക്കണമെന്നാണ് സർക്കാരിന്റെ നിർദേശം. ഐടി നിയമ ലംഘനത്തോട് ഇന്ന് മുതൽ യാതൊരുവിധ സഹിഷ്ണുതയും കാണിക്കില്ലെന്നും ഡീപ്പ് ഫേക്കുകൾ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ ഒരു ലക്ഷം രൂപ പിഴയും മൂന്ന് വർഷം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നും സർക്കാർ വ്യക്തമാക്കി. ചലച്ചിത്ര നടിമാരുടെ ഡീപ്പ് ഫേക്ക് വീഡിയോകൾ പ്രചരിക്കാൻ തുടങ്ങിയത് ചർച്ചാ വിഷയമായതോടെയാണ് സർക്കാർ ഇടപെട്ട് തുടങ്ങിയത്.
ഒറിജിനലും ഫേക്കും കണ്ടുപിടിക്കാൻ പ്രയാസമാണ്. വ്യക്തിയുടെ മുഖത്തെ സവിശേഷതകൾ, ഭാവങ്ങൾ, ശബ്ദ പാറ്റേണുകൾ, ടാർഗെറ്റ് ചെയ്ത വ്യക്തിക്ക് പ്രത്യേകമായുള്ള മറ്റ് സവിശേഷതകൾ ഉണ്ടെങ്കിൽ അത് എന്നിവ തിരിച്ചറിയുകയും മാപ്പ് ചെയ്യുകയും ചെയ്യുന്നു. വീഡിയോകളിലോ ചിത്രങ്ങളിലോ മറ്റ് വ്യക്തികളിലേക്കോ ഈ പുനർനിർമ്മിച്ച ഡാറ്റ ചേർക്കാൻ എഐയ്ക്ക് കഴിയും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക, വ്യാജവാർത്തകൾ സൃഷ്‌ടിക്കുക, ആൾമാറാട്ടം നടത്തുക തുടങ്ങിയവയ്ക്ക് ഇത് ഉപയോഗിക്കാനാകുമെന്നത് ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്.