പത്താംതരം പരീക്ഷയുടെ പ്രാധാന്യം കുറക്കുന്നു; പഠനം 12 വരെ തുടരാൻ കേരള പാഠ്യപദ്ധതി നിർദ്ദേശം

പത്താംതരം പരീക്ഷയുടെ പ്രാധാന്യം കുറക്കുന്നു; പഠനം 12 വരെ തുടരാൻ കേരള പാഠ്യപദ്ധതി നിർദ്ദേശം

പത്താംതരം പരീക്ഷയുടെ പ്രാധാന്യം കുറച്ച് മുഴുവൻ കുട്ടികളും 12 വരെ പഠനം തുടരട്ടെ എന്ന് കേരള പാഠ്യപദ്ധതി ചട്ടക്കൂട് നിർദ്ദേശം. പോളിടെക്‌നിക്ക്, ഐടിഐ എന്നിവയിലേക്ക് പത്താംതരം കഴിഞ്ഞു മാറാനും അവസരം ഉണ്ടാവണം. ദേശീയ വിദ്യാഭ്യാസഘടനയിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ 8-12 ക്ലാസുകൾ ഒരു വിഭാഗത്തിലാക്കണം. ഹയർ സെക്കന്ററി വിഭാഗം ഇനി ഉണ്ടാവില്ല.

ദേശീയനയത്തിൽ മൂന്നു വയസ്സ് മുതൽ എട്ട് വരെ ഫൗണ്ടേഷൻ, ക്ലാസ് 3 മുതൽ 5 വരെ പ്രിപ്പറേറ്ററി, ക്ലാസ് 6-8 മിഡിൽ, ക്ലാസ് 9-12 സെക്കന്ററി എന്നിങ്ങനെ ഘട്ടങ്ങളാണുള്ളത്. എന്നാലിതിനു പകരം വയസ്സ് മൂന്നു മുതൽ 5, 6 വരെ ശിശുപരിചരണ വികാസഘട്ടമായും വയസ്സ് 5, 6 മുതൽ 12, 13 വരെ (ക്ലാസ് 1-7) പ്രൈമറി ഘട്ടമായും വയസ്സ് 14-18 (ക്ലാസ് 8-12) സെക്കന്ററി ഘട്ടമായും വിഭാവനം ചെയ്യുന്നു. പത്താംതരം വരെ വിഷയങ്ങളുടെ സാമാന്യ പഠനരീതി മാറി എട്ടാം തരത്തിൽ വിഷയമേഖലകൾ കണ്ടെത്താനുള്ള അവസരവും ഒമ്പതാം തരം മുതൽ പ്രത്യേക വിഷയങ്ങൾ തെരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരവും ലഭിക്കണമെന്നാണ് നിർദ്ദേശം. എട്ടാം ക്ലാസിനെ തുടർപഠനത്തിനുള്ള സ്പ്രിംഗ് ബോർഡ് ആക്കണം. ഒമ്പത് മുതൽ ക്രെഡിറ്റ് രീതിയിൽ ഏത് വിഷയവും പഠിക്കാനുള്ള സൗകര്യം. അതാകട്ടെ സ്‌കൂളിൽ നിന്ന് സ്‌കൂൾ സമയത്ത് പഠിക്കണമെന്നുമില്ല.

എല്ലാ കുട്ടികളും 12 വരെ തുടർച്ചയായി പഠിക്കട്ടെ എന്ന് നിർദ്ദേശിക്കുമ്പോഴും പത്താംതരം കഴിഞ്ഞ് പോളി ടെക്നിക്ക്, ഐടിഐ എന്നിവിടങ്ങളിൽ ചേർന്നു പഠിക്കാനുള്ള അവസരം വേണമെന്നും നിർദ്ദേശമുണ്ട്. 11, 12 ക്ലാസുകളിൽ ഇന്നത്തെപ്പോലെ രണ്ടു ഭാഷകൾക്ക് പുറമെ നാലു വിഷയങ്ങൾ പഠിപ്പിക്കേണ്ടേതുണ്ടോന്ന് പരിശോധിക്കണമെന്നാണ് നിർദ്ദേശിക്കുന്നത്. ഇംഗ്ലീഷും രണ്ടാംഭാഷയും ഇന്നത്തെ നിലയിൽ തുടരുമ്പോൾ തന്നെ കോർ വിഷയങ്ങൾ മൂന്നാക്കി ചുരുക്കുകയും ഒന്ന് തൊഴിൽ പരിചയം ആക്കുകയും വേണം.
പ്രൈമറിയെ നിലവിലെ പോലെ തന്നെ 1-4, 5-7 എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. ഒന്നാം ഘട്ടത്തിൽ ഭാഷ, പരിസരം, സമൂഹം, ഗണിതം, ജീവിതനൈപുണി എന്നിവ പഠിപ്പിക്കുമ്പോൾ രണ്ടാംഘട്ടത്തിൽ സമൂഹം നേരിടുന്ന വിവിധ തരം വെല്ലുവിളികൾ, ഭരണവ്യവസ്ഥകൾ, സാംസ്‌കാരിക പ്രവർത്തനങ്ങൾ, ശാസ്ത്രീയ മനോഭാവം കൈവരിക്കൽ തുടങ്ങിയവ സംബന്ധിച്ച് സ്വയം വിശകലനം നടത്തി മുന്നേറാനുള്ള അനുഭവങ്ങൾ വേണം.

8-10 ഘട്ടത്തിൽ എല്ലാരും മാതൃഭാഷ പഠിക്കണം. മറ്റു ഭാഷകളുടെ പഠനത്തിൽ ഇന്നത്തെ രീതി തുടരാവുന്നതാണ്. ഭാഷാവിഷയങ്ങളിലേക്ക് ഇപ്പോഴത്തേതിന് പുറമെയുള്ള ഭാഷകൾക്കും ഇടം വേണം. ഭാഷാവിഷയങ്ങൾ, കോർവിഷയങ്ങൾ, പ്രത്യേക വിഷയങ്ങൾ എന്നിങ്ങനെയാണ് 8-10 ക്ലാസിലെ പഠന മേഖല. കോർവിഷയങ്ങളിൽ സാമൂഹ്യശാസ്ത്രം, ശാസ്ത്രം, ഗണിതം, പരിസ്ഥിതി, ആരോഗ്യം, കായികം, കല, തൊഴിൽ എന്നിവക്ക് പുറമെ കൃഷി, ബയോടെക്നോളജി തുടങ്ങിയവ നിർദ്ദേശിക്കുന്നു. പ്രത്യേക വിഷയങ്ങളിലാവട്ടെ വയോജനപരിപാലനം, ദുരന്തനിവാരണം, നിർമ്മിതബുദ്ധി എന്നിവയും നിർദ്ദേശത്തിലുണ്ട്.