യെദ്യൂരപ്പയ്ക്ക് എതിരായ പോക്സോ കേസിലെ നിർണായക വിവരങ്ങൾ പുറത്ത്
കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് എതിരായ പോക്സോ കേസിലെ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 81കാരനായ യെദ്യൂരപ്പയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഇരയായ പെൺകുട്ടിയുടെ കയ്യിൽ നിന്ന് കണ്ടെടുത്ത വീഡിയോ ദൃശ്യങ്ങളിലുള്ള കാര്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
പെൺകുട്ടിയും അമ്മയും കാണാൻ വന്നപ്പോൾ കുട്ടിയുടെ വലത്തേ കയ്യിൽ യെദിയൂരപ്പ പിടിച്ചു. ഒറ്റയ്ക്ക് മുറിക്ക് ഉള്ളിലേക്ക് വരാൻ പറഞ്ഞു, വാതിൽ അടച്ചു കുറ്റിയിട്ടു. ബലാത്സംഗം ചെയ്ത ആളുടെ മുഖം ഓർമ്മ ഉണ്ടോ എന്ന് കുട്ടിയോട് യെദിയൂരപ്പ ചോദിച്ചു. ‘ഉണ്ട്’ എന്ന് മറുപടി പറഞ്ഞതിന് പിന്നാലെ ലൈംഗികാതിക്രമം നടത്തി’- എന്നാണ് കുറ്റപത്രത്തിലുള്ളത്.’കുട്ടി യെദിയൂരപ്പയെ പിടിച്ചു മാറ്റി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. തുറന്ന് പുറത്ത് വന്നപ്പോൾ ‘നിങ്ങളുടെ കേസിൽ എനിക്കൊന്നും ചെയ്യാനില്ല’ എന്ന് അമ്മയോടും മകളോടും പറഞ്ഞു. പോക്കറ്റിലെ കുറച്ച് പണമെടുത്ത് ഇരുവർക്കും നൽകി’ വീണ്ടും അകത്തേക്ക് പോയി എന്നും കുറ്റപത്രത്തിൽ പറയുന്നു.
ഇതിനുശേഷം ഫെബ്രുവരി 20ന് യെദ്യൂരപ്പയുടെ വീട്ടില്‍ പോയതിന്റെ ദൃശ്യങ്ങള്‍ കുട്ടിയുടെ അമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ യെദ്യൂരപ്പ ഇവരെ വീണ്ടും വീട്ടിലേക്കു വിളിപ്പിച്ചു.ബെംഗളൂരുവിലെ വസതിയിലെത്തിയ ഇവര്‍ക്കു കൂട്ടാളികള്‍ മുഖേനെ രണ്ടു ലക്ഷം രൂപ കൈമാറി. ഫേസ്ബുക്കില്‍നിന്നും മൊബൈല്‍ ഫോണ്‍ ഗാലറിയില്‍നിന്നും സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു.