അമൃതയിൽ കരൾ മാറ്റിവച്ചവരുടെ കൂട്ടായ്മ അമൃതസ്പർശത്തിന് തുടക്കമായി

അമൃതയിൽ കരൾ മാറ്റിവച്ചവരുടെ കൂട്ടായ്മ അമൃതസ്പർശത്തിന് തുടക്കമായി

അമൃത ആശുപത്രിയിൽ കരൾ മാറ്റിവച്ചവരുടെ കൂട്ടായ്മയായ അമൃതസ്പർശത്തിന് തുടക്കമായി. അമൃതയിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചിട്ട് 20 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിലാണ് ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുമായി (ലിഫോക്ക്) സഹകരിച്ച് അമൃത ആശുപത്രി ഈ കൂട്ടായ്മ ആരംഭിച്ചിരിക്കുന്നത്. ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിനിമാതാരം ആസിഫ് അലി കൂട്ടായ്മയുടെ ഉദ്ഘാടനം നിർവഹിച്ചു. കരൾ മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് ഇന്ന് സമൂഹത്തിന് ഏറ്റവും ആവശ്യം ബോധവത്കരണമാണെന്ന് ആസിഫ് അലി പറഞ്ഞു. ട്രാൻസ്പ്ലാന്റേഷൻ എന്ന ഘട്ടത്തിൽ എത്തിനിൽക്കുന്ന ഒരാളുടെ മുന്നിലുള്ള ചോദ്യങ്ങളും ആശങ്കകളും ഇല്ലാതാക്കുന്നതിനായി ഇത്തരം കൂട്ടായ്മകൾ വളരെ ഉപകാരപ്പെടുമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

 

സിനിമാതാരങ്ങളായ ബാലയും സലിംകുമാറും ചടങ്ങിൽ മുഖ്യാതിഥികളായി. മോശമായ ആരോഗ്യസ്ഥിതിയുമായെത്തി പിന്നീട് അമൃത ആശുപത്രിയിലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന്റെ വിശേഷങ്ങൾ ബാല സദസ്സുമായി പങ്കുവെച്ചു. ഈ ജീവിതത്തിന് എല്ലാവരോടും നന്ദി പറഞ്ഞ ബാല സദസ്സിനായി പാട്ട് പാടിയാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. തന്റെ അസുഖത്തിന് പരിഹാരമായി ഡോക്ടർമാർ കരൾ മാറ്റിവയ്ക്കൽ നിർദേശിച്ചപ്പോൾ ഓപ്പറേഷനെ പേടിച്ച് നാട്ടുവൈദ്യൻമാരെ തേടിപ്പോയ തനിക്ക് പറ്റിയ അബദ്ധങ്ങളാണ് സ്വതസിദ്ധമായ നർമ്മഭാഷയിൽ സലിം കുമാർ പങ്കുവച്ചത്. പലരും മരണത്തെ തൊട്ടുമുന്നിൽ കാണുന്ന അവസരത്തിലാണ് കരൾരോഗങ്ങളെപ്പറ്റി അറിയുന്നതെന്നും ഈ ഘട്ടത്തിൽ ഇവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്ന ഡോക്ടർമാർ ദൈവതുല്യരാണെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.

 

കഴിഞ്ഞ 20 വർഷത്തിനിടെ അമൃത ആശുപത്രിയിൽ 1200 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും 350 റോബോട്ടിക് ഡോണർ ഹെപാറ്റെക്ടമികളും നടത്താൻ സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ പറഞ്ഞു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെയും അതിനുശേഷമുള്ള പരിചരണങ്ങളുടെയും ചിലവ് പരമാവധി കുറയ്ക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നും അമൃതസ്പർശത്തിലെ അംഗങ്ങൾക്ക് സഹായമൊരുക്കുന്നതിനായി അമൃത ലിവർ ഫൗണ്ടേഷനിലൂടെ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. സോളിഡ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ വിഭാഗം മേധാവി ഡോ.എസ് സുധീന്ദ്രൻ, അമൃത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ.കെ.പി ഗിരീഷ് കുമാർ, ലിഫോക് ചെയർമാൻ മാത്യു ഫിലിപ്പ്, കോട്ടയം ഗവ.മെഡിക്കൽ കോളേജിലെ സിവിടിഎസ് വിഭാഗം മേധാവി ഡോ. ടി.കെ ജയകുമാർ, ജി.ഐ സർജറി വിഭാഗം മേധാവി ഡോ.സിന്ധു, അമൃതയിലെ ജി.ഐ ആൻഡ് എച്ച്പിബി സർജറി ആൻഡ് റോബോട്ടിക് സർജറി വിഭാഗം മേധാവി ഡോ.ഒ.വി സുധീർ, ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. ഷൈൻ സദാശിവൻ, ഡോ.ദിനേഷ് ബാലകൃഷ്ണൻ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.

 

ലോക അവയവദാന ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി അമൃത ആശുപത്രി നടത്തിയ ചിത്രരചനാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം ചടങ്ങിൽ വിശിഷ്ടാതിഥികൾ ചേർന്ന് നിർവഹിച്ചു. കരൾ മാറ്റിവച്ച ആളുകൾക്ക് പരസ്പരം പരിചയപ്പെടാനും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും ഒപ്പം അവരുടെ ആശങ്കകൾ ഡോക്ടർമാരുമായി പങ്കുവെയ്ക്കാനുമുള്ള ഒരു വേദിയാണ് അമൃതസ്പർശത്തിലൂടെ അമൃത ആശുപത്രി ഒരുക്കുന്നത്.