വീണ്ടും വമ്പൻ അട്ടിമറി, ന്യൂസിലൻഡിനെ തകർത്ത് അഫ്ഗാനിസ്ഥാൻ
ടി20 ലോകകപ്പിൽ വീണ്ടും വമ്പൻ അട്ടിമറി. കിരീടപ്രതീക്ഷയുടെ ന്യൂസിലൻഡിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാനാണ് ഇന്ന് ഞെട്ടിച്ചത്. 84 റൺസിന്റെ കൂറ്റൻ വിജയമാണ് കിവീസിനെതിരെ അഫ്ഗാൻ അടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസടിച്ചപ്പോൾ ന്യൂസിലൻഡ് 15.2 ഓവറിൽ വെറും 75 റൺസിന് ഓൾ ഔട്ടായി. 18 റൺസെടുത്ത ഗ്ലെൻ ഫിലിപ്സും 12 റൺസെടുത്ത മാറ്റ് ഹെൻറിയും മാത്രമാണ് കിവീസ് നിരയിൽ രണ്ടക്കം കടന്നത്.അഫ്ഗാനിസ്ഥാനുവേണ്ടി ഫസലുള്ള ഫാറൂഖിയും ക്യാപ്ടൻ റാഷിദ് ഖാനും നാലു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് നബി രണ്ട് വിക്കറ്റെടുത്തു. സ്കോർ അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 159/ 6, ന്യൂസിലൻഡ് 15.2 ഓവറിൽ 75ന് ഓൾ ഔട്ട്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനുവേണ്ടി ഓപ്പണർ റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സർദ്രാനും ചേർന്ന് തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തി മികച്ച തുടക്കം നൽകി.പതിനഞ്ചാം ഓവറിൽ സ്കോർ 100 കടന്നതിന് ശേഷമാണ് അഫ്ഗാന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാൻ ന്യൂസിലൻഡിനായത്. 41 പന്തിൽ 44 റൺസെടുത്ത ഇബ്രാഹിം സർദ്രാനെ പുറത്താക്കി മാറ്റ് ഹെൻറിയാണ് കിവീസിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. മൂന്നാം നമ്പറിലെത്തിയ അസ്മത്തുള്ള ഗുർബാസിന് മികച്ച പിന്തുണ നൽകി.
വമ്പൻ തോൽവി വഴങ്ങിയതോടെ വെസ്റ്റ് ഇൻഡീസും അഫ്ഗാനിസ്ഥാനും ഉഗാണ്ടയും പാപുവ ന്യൂഗിനിയയും ഉൾപ്പെട്ട സി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ന്യൂസിലൻഡ്.