അഴിമതി ക്യാമറ ആരോപണത്തില്‍ മറുപടി പറയേണ്ടത് എം.വി ഗോവിന്ദനല്ല

അഴിമതി ക്യാമറ ആരോപണത്തില്‍ മറുപടി പറയേണ്ടത് എം.വി ഗോവിന്ദനല്ല

അഴിമതി ക്യാമറ ആരോപണത്തില്‍ മറുപടി പറയേണ്ടത് എം.വി ഗോവിന്ദനല്ല, മുഖ്യമന്ത്രി; സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളില്‍ ബി.ജെ.പിയുമായി ധാരണ ഉണ്ടാക്കിയത് കൊണ്ടാണ് മുഖ്യമന്ത്രി ജയിലില്‍ പോകാതിരുന്നത്

(സുല്‍ത്താന്‍ബത്തേരിയില്‍ പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താസമ്മേളനം)

സുല്‍ത്താന്‍ബത്തേരി

എ.ഐ ക്യാമറ വിവാദത്തില്‍ എം.വി ഗോവിന്ദന്‍ ക്ഷോഭിച്ചു കൊണ്ടൊരു പ്രസ്ഥാവന നടത്തി. കരാര്‍ നല്‍കിയത് എ.വി ഗോവിന്ദനല്ല. മുഖ്യമന്ത്രിക്കെതിരെയാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. ഞങ്ങള്‍ക്ക് വേണ്ടത് എം.വി ഗോവിന്ദന്റെയല്ല, മുഖ്യമന്ത്രിയുടെ മറുപടിയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ കൊള്ള നടത്തിയത്. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറയുമ്പോള്‍ ഏട്ടന്റെ പീടികയില്‍ പോയി ചോദിക്കണമെന്ന മറുപടിയല്ല നല്‍കേണ്ടത്. സ്വന്തം വീട്ടിലെ കാര്യത്തെ കുറിച്ചല്ല ചോദിച്ചത്. ജനങ്ങളുടെ പണമാണ് കൊള്ളയടിച്ചത്. സര്‍ക്കാരിന് ഒരു പണവും ചെലവായില്ലെന്ന വിചിത്രമായ പ്രസ്താവനയാണ് എം.വി ഗോവിന്ദന്‍ നടത്തിയത്.

കേരളത്തിലെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പ്രസാഡിയോയും എസ്.ആര്‍.ഐ.ടിയും 232 കോടി മുടക്കി കേരളത്തില്‍ 726 ക്യാമറകള്‍ സൗജന്യമായി സ്ഥാപിച്ചതു പോലെയാണ് എം.വി ഗോവിന്ദന്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് ഈ കമ്പനികളുടെ എം.ഡിമാര്‍ക്ക് സ്വീകരണം നല്‍കാം. ജനങ്ങളുടെ പോക്കറ്റടിച്ചുണ്ടാക്കുന്ന ആയിരം കോടി രൂപയാണ് സര്‍ക്കാര്‍ ഈ കറക്ക് കമ്പനികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. പിഞ്ച് കുഞ്ഞിനെ ബൈക്കില്‍ കൊണ്ടു പോയാല്‍ പോലും പിഴ ഈടാക്കും. ഇങ്ങനെ തട്ടിയെടുക്കുന്ന ആയിരം കോടിയില്‍ നിന്നാണ് കമ്മീഷനും കൊള്ളമുതലുമൊക്കെ നല്‍കുന്നത്. എത്ര വിചിത്രമായ വാദമാണ് എം.വി ഗോവിന്ദന്‍ ഉന്നയിക്കുന്നത്. ആരാണ് ഇവര്‍ക്ക് ഇതൊക്കെ എഴുതിക്കൊടുക്കുന്നത്?

പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും രണ്ട് തുകയാണ് പറഞ്ഞതെന്നാണ് അടുത്ത ആരോപണം. 232 കോടിയുടെ പദ്ധതിയില്‍ 132 കോടിയുടെ അഴിമതി നടന്നെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ചെലവഴിക്കാത്ത 66 കോടി കൂടി ഉള്‍പ്പെടുത്തിയതാണ് ഈ കണക്ക്. ഈ തുകയുടെ പകുതിയും കമ്മീഷന് വേണ്ടി നീക്കിവച്ചിരിക്കുകയാണ്. ഇപ്പോള്‍ ടെന്‍ഡര്‍ കൊടുത്ത 151 കോടിയില്‍ 100 കോടിയുടെ അഴിമതിയെന്നാണ് ഞാന്‍ പറഞ്ഞത്. ഞങ്ങള്‍ രണ്ട് പേരും പറഞ്ഞ കണക്ക് ഒന്നുതന്നെയാണ്. ഞങ്ങള്‍ പറഞ്ഞതെല്ലാം ഒന്നു തന്നെയാണ്. ഒരു വ്യത്യാസവുമില്ല. എല്ലാ പണവും ഒരു പെട്ടിയിലേക്കാണ് പോകുന്നത്. ഗവേഷണം നടത്തിയാണ് അഴിമതി നടത്തുന്നത്. എന്നിട്ടാണ് മറുപടി നല്‍കാന്‍ പാര്‍ട്ടി സെക്രട്ടറിയെ വിട്ടത്. ഇതേക്കുറിച്ച് പാര്‍ട്ടി സെക്രട്ടറിക്ക് ഒരു അന്തവും കുന്തവുമില്ല. എം.വി ഗോവിന്ദന്‍ ബലിയാടിനെ പോലെ മുന്നില്‍ നിന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും ചെയ്ത അഴിമതിയെ പ്രതിരോധിക്കുകയാണ്. ഇതുപോലുള്ള ആളുകള്‍ മുഖ്യമന്ത്രിയായി ഇരിക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിക്ക് ഇതൊക്കെ ചെയ്യേണ്ടി വരും. ആരോപണം ഉയരുമ്പോള്‍ എനിക്ക് പറയാന്‍ മനസില്ലെന്നു പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വീട്ടിലെ പറമ്പില്‍ വേലി കെട്ടിയ കാര്യമല്ല ഞങ്ങള്‍ ചോദിക്കുന്നത്.

ബി.ജെ.പിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയില്ലായിരുന്നെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പുറമെ ആരോക്കെ ജയിലില്‍ പോകുമെന്ന് കാണാമായിരുന്നു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു ആസ്ഥാനം. ഇപ്പോള്‍ ലൈഫ് മിഷന്‍ കോഴയിലും അതേ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലാണ്. മുഖ്യമന്ത്രിയാണ് ലൈഫ് മിഷന്‍ ചെയര്‍മാന്‍. ബി.ജെ.പിയുമായി ധാരണ ഉണ്ടാക്കിയത് കൊണ്ടാണ് മുഖ്യമന്ത്രി ജയിലില്‍ പോകാതിരുന്നത്. ചെയര്‍മാന്റെ ഉത്തരവാദിത്തമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍വഹിച്ചത്. മുഖ്യമന്ത്രി അറിയാതെയാണ് ഇത് ചെയ്തതെന്നാണ് പറയുന്നതെങ്കില്‍ മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല. ലൈഫ് മിഷന്‍ അഴിമതിയും സ്വര്‍ണക്കടത്തും എ.ഐ ക്യാമറ ഇടപാടും മുഖ്യമന്ത്രി അറിയാതെയാണോ ചെയ്തത്? സ്വന്തം പ്രിന്‍സിപ്പില്‍ സെക്രട്ടറി ജയിലില്‍ കിടക്കുമ്പോഴാണ് ആരോപണം ഉന്നയിച്ചിട്ട് എന്തായെന്ന് ചോദിക്കുന്നത്.